റാലിക്ക് ലക്ഷങ്ങള്‍ എത്തിയെന്ന് ലാലു: ചിത്രം വ്യാജമെന്ന് സോഷ്യല്‍ മീഡിയ; ‘പൊങ്കാലയിട്ട് ട്രോളന്മാര്‍’

single-img
28 August 2017

പാട്‌ന: ബീഹാറില്‍ നടത്തിയ ബിജെപി റാലിയുടെ ചിത്രം ലാലു പ്രസാദ് യാദവ് ട്വീറ്റ് ചെയ്തത് വ്യാജമെന്ന് ആരോപണം. പാട്‌നയിലെ ഗാന്ധി മൈതാനത്താണ് ആര്‍ജെഡിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ റാലി നടത്തിയത്. പരിപാടിയില്‍ 2.5 മില്യണ്‍ പേര്‍ പങ്കെടുത്തുവെന്നായിരുന്നു ലാലു പ്രസാദ് യാദവിന്റെ അവകാശവാദം.

‘ഒരു ‘മുഖ’ത്തിനും ബീഹാറില്‍ തന്റെ അടിത്തറയ്ക്ക് മുമ്പില്‍ പിടിച്ച് നില്‍ക്കാനാവില്ലെന്നാണ് മഹാറാലിയുടെ ചിത്രം പോസ്റ്റ് ചെയ്ത് ലാലു പ്രസാദ് യാദവ് ട്വീറ്റ് ചെയ്തിരുന്നത്. എണ്ണാമെങ്കില്‍ എണ്ണിക്കോളൂ എന്ന് ബിജെപിയെ വെല്ലുവിളിക്കുകയും ചെയ്തു. പത്തല്ല, മുപ്പത് ലക്ഷം ആളുകള്‍ റാലിക്കെത്തിയിട്ടുണ്ട് എന്ന് മുന്‍ ഉപമുഖ്യന്ത്രി തേജസ്വി യാദവും ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍, ലാലു ചിത്രം ട്വീറ്റ് ചെയ്തതിന് പിന്നാലെ ബീഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ ആളൊഴിഞ്ഞ സ്റ്റേഡിയത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടു. ലാലു പ്രസാദ് പുറത്ത് വിട്ട ആദ്യ ചിത്രം വ്യാജമാണെന്നാണ് ജെഡിയു, ബിജെപി അനുഭാവികളുടെ ആരോപണം. ചിത്രം വ്യാജമാണെന്ന് ഗാന്ധി മൈതാനത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ചില പൊലീസുകാരും സമ്മതിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ചിത്രത്തിന്റെ ആധികാരികതയെച്ചൊല്ലി ബിജെപി, ജെഡിയു ആര്‍ജെഡി പ്രവര്‍ത്തകര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ തര്‍ക്കം തുടങ്ങിയിട്ടുണ്ട്.

യഥാര്‍ഥ ചിത്രത്തില്‍ അങ്ങിങ്ങ് മൈതാനത്തിന്റെ പച്ചപ്പ് കാണാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ മൈതാനത്തെ പച്ചപ്പ് പോലും കാണാനാകാത്ത വിധം ആളുകളെ പെരുപ്പിച്ചാണ് ലാലു ഫോട്ടോ ഇട്ടത്. ആളില്ലാതിരുന്ന ഇടത്തുപോലും എഡിറ്റിംഗ് നടത്തിയ ആളെ കുത്തിനിറയ്ക്കാന്‍ ശ്രമിച്ചത് ട്രോള്‍ന്മാര്‍ കണ്ടെത്തിയതോടെ സോഷ്യല്‍ മീഡിയയിലും പരിഹാസം ഉയര്‍ന്നു. ആളുകള്‍ ആകാശത്ത് നിന്ന് പൊട്ടി വീഴുന്നതായും ജനങ്ങളെ പലഭാഗങ്ങളില്‍ നിന്ന് മൈതാനത്തേക്ക് കോരിയിടുന്ന രീതിയിലുമെല്ലാം ട്രോളുകളെത്തി. എന്നാല്‍ ആര്‍ജെഡി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

നിതീഷ് കുമാറിനെ ബീഹാര്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണന്നും, തനിക്ക് അതിന് താല്‍പര്യമുണ്ടായിരുന്നില്ലെന്നും ലാലുപ്രസാദ് യാദവ് റാലിയില്‍ വെളിപ്പെടുത്തിയിരുന്നു. ജെഡിയുവില്‍ വിമതശബ്ദം ഉയര്‍ത്തിയ നേതാവ് ശരദ് യാദവും ലാലുവിന്റെ റാലിയില്‍ പങ്കെടുത്തു.

ജെഡിയുവില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാജ്യസഭാ എംപി അലി അന്‍വറും ശരദ് യാദവിനൊപ്പമെത്തിയിരുന്നു. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ബിഎസ്പി അധ്യക്ഷ മായാവതി എന്നിവരുടെ അസാന്നിധ്യം മഹാറാലിയുടെ മാറ്റു കുറച്ചു. സിപിഎം നേതാക്കളും റാലിയില്‍ പങ്കെടുത്തില്ല.