കോട്ടയത്ത് കഴുത്തറുത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു: രണ്ടുപേര്‍ കസ്റ്റഡിയില്‍

single-img
28 August 2017

കോട്ടയം: മാങ്ങാനത്ത് തലയില്ലാതെ വെട്ടിനുറുക്കി ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പയ്യപ്പാടി സ്വദേശി സന്തോഷ് (40)ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന്റെ തല സമീപത്തെ തോട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ട കമ്മല്‍ വിനോദിനെയും ഭാര്യ കുഞ്ഞുമോളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ഞായറാഴ്ചയാണ് സന്തോഷിന്റെ മൃതദേഹം പുതുപ്പള്ളി മാങ്ങാനം കലുങ്കിനു സമീപം തലയില്ലാത്ത നിലയില്‍ രണ്ടുചാക്കുകളിലായി കണ്ടെത്തിയത്. വയറിന്റെ ഭാഗം മുതല്‍ താഴേക്കു വരെ ഒരു ചാക്കിലും തലയറുത്ത് മാറ്റിയ ഭാഗം മറ്റൊരു ചാക്കിലുമാണ് കണ്ടെത്തിത്.

സ്വകാര്യവ്യക്തിയുടെ ഭൂമിയിലെ വഴിയോടു ചേര്‍ന്നുള്ള ചെറിയ പൊന്തക്കാട്ടിലായിരുന്നു ചാക്കു കെട്ടുകള്‍ കിടന്നത്. മൃതദേഹം പുഴുവരിക്കുന്ന നിലയിലായിരുന്നു. നീല ഷര്‍ട്ടും കാവി മുണ്ടുമാണു വേഷം. മുണ്ട് ചാക്കില്‍ തിരുകിക്കയറ്റിയ നിലയിലായിരുന്നു.

റോഡിന് എതിര്‍വശത്തെ പൊന്തക്കാട്ടില്‍ നിന്ന് മൂന്നു ദിവസമായി ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കാണുന്നത്. കോഴിമാലിന്യം തള്ളിയതാണെന്ന ധാരണയില്‍ മണ്ണിട്ട് മൂടാനെത്തിയപ്പോഴാണ് പ്ലാസ്റ്റിക് ചാക്കിനുള്ളില്‍നിന്ന് മനുഷ്യന്റെ കാലുകള്‍ പുറത്തേക്കു തള്ളിയനിലയില്‍ കണ്ടത്. ഉടന്‍ കോട്ടയം ഈസ്റ്റ് പോലീസില്‍ അറിയിക്കുകയായിരുന്നു.

വിനോദിനെയും ഭാര്യയെയും വെവ്വെറേ ഇരുത്തി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സന്തോഷാണ് കൊല്ലപ്പെട്ടതെന്ന കാര്യം മനസ്സിലായത്. 24 മുതല്‍ സന്തോഷിനെ കാണ്മാനില്ലായിരുന്നു. കാണ്മാനില്ലെന്ന് പരാതിയുള്ള കേസുകളില്‍ അന്വേഷണം നടത്തിയപ്പോഴാണ് പയ്യപ്പാടിയില്‍ നിന്ന് 24 മുതല്‍ സന്തോഷിനെ കാണാനില്ലെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ഉടന്‍ തന്നെ പൊലീസ് സംഘം സന്തോഷിന്റെ വീട്ടിലെത്തി പരിശോധന നടത്തി.

സന്തോഷിന്റെ ഫോണിലേക്ക് 24ന് വിളിച്ചത് കമ്മല്‍ വിനോദിന്റെ ഭാര്യ കുഞ്ഞുമോളാണെന്ന് സന്തോഷിന്റെ അച്ഛന്‍ പൊലീസിനോടു പറഞ്ഞു. ഉറങ്ങുകയായിരുന്ന സന്തോഷിന്റെ ഫോണ്‍ ആ സമയത്ത് അച്ഛനാണ് എടുത്തത് അങ്ങനെയാണ് വിളിച്ചയാളെ മനസിലായത്.

സന്തോഷിനെതിരെ വൈരാഗ്യമുള്ളത് കമ്മല്‍ വിനോദിനാണെന്ന് നേരത്തെ തന്നെ പൊലീസിനറിയാവുന്ന കാര്യവുമാണ്. വിനോദ് സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ പോയ സമയം സന്തോഷ് വിനോദിന്റെ ഭാര്യയോട് അടുക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

സന്തോഷും വിനോദും ഉള്‍പ്പെട്ട കേസിന്റെ വിചാരണയ്ക്ക് ജയിലില്‍ നിന്ന് കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ വിനോദ് കോടതി വരാന്തയില്‍ കണ്ട സന്തോഷിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് പൊലീസിന് അന്നു ലഭിച്ച വിവരം. ആ സംഭവവും സന്തോഷിന്റെ തിരോധാനവുമായി ബന്ധപ്പെടുത്തിയ പൊലീസ് കമ്മല്‍ വിനോദിനെയും ഭാര്യയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരെയും സംഭവസ്ഥലത്തെത്തിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.