ഇന്ത്യയും ചൈനയും ഇനി ‘ഭായ് ഭായ്’: ദോക് ലായില്‍ നിന്നും സൈനികരെ പിന്‍വലിക്കുന്നു; സംഘര്‍ഷത്തിന് പരിഹാരം

single-img
28 August 2017

ന്യൂഡല്‍ഹി: യുദ്ധത്തിന്റെ വക്കുവരെ എത്തിയ ദോക് ലായിലെ സംഘര്‍ഷത്തിന് പരിഹാരം. സിക്കിം അതിര്‍ത്തിയായ ദോക് ലായില്‍ നിന്നും ഇന്ത്യയും ചൈനയും സൈനികരെ പിന്‍വലിക്കും. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ നയതന്ത്ര ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. ജൂണില്‍ തുടങ്ങിയ സംഘര്‍ഷത്തിനാണ് ഇതോടെ അയവ് വന്നിരിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മില്‍ ദിവസങ്ങളായി നടന്നു വന്ന നയതന്ത്രതല ചര്‍ച്ചകളാണ് സേനാ പിന്മാറ്റത്തിന് വഴിവച്ചത്. സൈനികരുടെ പിന്മാറ്റം ഇതിനോടകം തന്നെ ആരംഭിച്ചുവെന്നും അടുത്ത ദിവസങ്ങളില്‍ തന്നെ സൈനിക പിന്മാറ്റം പൂര്‍ത്തിയാകുമെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

അതിര്‍ത്തിയില്‍ ചൈന റോഡ് നിര്‍മിക്കാന്‍ തുടങ്ങിയതിനു പിന്നാലെ ജൂണ്‍ 16നാണ് സംഘര്‍ഷം ഉടലെടുത്തത്. രണ്ടുമാസത്തോളം ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ ദോക് ലായില്‍ മുഖാമുഖം നില്‍ക്കുകയായിരുന്നു. ഇന്ത്യ സൈന്യത്തെ പിന്‍വലിക്കാതെ തങ്ങള്‍ സൈന്യത്തെ പിന്‍വലിക്കില്ലെന്ന നിലപാടിലായിരുന്നു ചൈന. എന്നാല്‍ നയതന്ത്ര തലത്തില്‍ കരുക്കള്‍ നീക്കിയ ഇന്ത്യ ഒടുവില്‍ വിജയം കാണുകയായിരുന്നു.