ആള്‍ദൈവം ഗുര്‍മീത് റാം റഹിമിന് ഇരുപത് വര്‍ഷം കഠിന തടവ്

single-img
28 August 2017

ബലാത്സംഗക്കേസില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന് ഇരുപതു വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. രണ്ട് ബലാത്സംഗക്കേസുകളിലായി പത്തുവർഷം വീതമാണു ശിക്ഷ. രണ്ടു കേസുകളിലേയും ശിക്ഷകൾ പ്രത്യേകമായി അനുഭവിക്കണമെന്ന് കോടതി വിധിച്ചതിനാൽ മൊത്തം ഇരുപതുവർഷം കഠിനതടവ് അനുഭവിക്കേണ്ടിവരും. ഓരോ കേസിലും പതിനഞ്ചു ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്.

പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജിയായ ജസ്റ്റിസ് ജഗ്ദീപ് സിംഗ് ആണു ശിക്ഷവിധിച്ചത്. കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 1999ല്‍ തന്റെ ആശ്രമത്തിലെ അന്തേവാസികളായ രണ്ടു സന്യാസിനിമാരെ ഗുര്‍മീത് റാം റഹീം സിങ് ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് ശിക്ഷ. സംഭവം നടന്ന് 15 വര്‍ഷത്തിനു ശേഷമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ശിക്ഷ വിധിക്കുന്നതിന് മുമ്പ് ഇരുഭാഗങ്ങള്‍ക്കും അവരുടെ വാദം അവതരിപ്പിക്കാന്‍ 10 മിനിട്ട് വീതം സമയം അനുവദിച്ചിരുന്നു. ഇതിനുശേഷമാണ് വിധി പ്രസ്താവിച്ചത്.

അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് മുന്‍പില്‍ ഗുര്‍മീത് പൊട്ടിക്കരഞ്ഞു. തനിക്ക് മാപ്പ് തരണമെന്ന് അദ്ദേഹം കോടതിയോട് കരഞ്ഞു കൊണ്ട് അപേക്ഷിച്ചു. ഗുര്‍മീതിന്റെ പ്രായം, ആരോഗ്യം, സാമൂഹികപ്രവര്‍ത്തകന്‍ എന്ന നിലയിലെ സംഭാവനകള്‍, ജനങ്ങള്‍ക്കിടയിലെ സ്വാധീനം എന്നിവ കണക്കിലെടുത്ത് പരാമാവധി കുറഞ്ഞ ശിക്ഷയേ നല്‍കാവൂ എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിധി പ്രസ്താവത്തിന് മുന്‍പ് കോടതിയോട് അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ ഗുര്‍മീതിന് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ അപേക്ഷ. ജഡ്ജിയും രണ്ട് സഹായികളും മൂന്ന് പ്രതിഭാഗം അഭിഭാഷകരും രണ്ട് പ്രോസിക്യൂഷന്‍ അഭിഭാഷകരും പിന്നെ പ്രതിയായ ഗുര്‍മീതും മാത്രമായിരുന്നു വിധി പ്രസ്താവിക്കുമ്പോള്‍ താല്‍കാലിക കോടതിയിലുണ്ടായിരുന്നത്.

ശിക്ഷ പ്രഖ്യാപിക്കുന്നതിനായി സര്‍ക്കാരിന്റെ ഹെലികോപ്ടറിലാണ് പ്രത്യേക സിബിഐ കോടതി ജഡ്ജി ജഗദീപ് സിങ് രോഹ്താക് ജയിലിലെത്തിയത്. രോഹ്തക് ജയിലിലെ വായനാമുറി താല്‍ക്കാലിക കോടതിയാക്കിയാണ് ശിക്ഷ വിധിച്ചത്. സുരക്ഷ കണക്കിലെടുത്ത് ജയിലിനുള്ളില്‍ കോടതി നടപടികള്‍ കൈക്കൊള്ളാന്‍ ഹരിയാന ഹൈക്കോടതി് നിര്‍ദേശം നല്‍കുകയായിരുന്നു.

ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിനു ചുറ്റും 3,000 അര്‍ദ്ധ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. അതേസമയം റോഹ്തക്കില്‍ അനിഷ്ട സംഭവങ്ങളുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നു ഡെപ്യൂട്ടി കമ്മീഷണര്‍ അതുല്‍കുമാര്‍ അറിയിച്ചു. മുന്നറിയിപ്പുകള്‍ അവഗണിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ വെടിയുണ്ടകളെ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധിക്കു മുന്നോടിയായി ഡല്‍ഹിയിലെ 11 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വിവിധ മേഖലകളില്‍ ഇന്നലെ രാത്രി ഡല്‍ഹി പൊലീസ് ഫ്‌ലാഗ് മാര്‍ച്ച് നടത്തിയിരുന്നു. ഗുര്‍മീത് കുറ്റക്കാരനാണെന്നു വിധിച്ച കഴിഞ്ഞ വെള്ളിയാഴ്ച ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ആളിക്കത്തിയ കലാപം ഇന്ന് മൂര്‍ധന്യത്തിലെത്തിയേക്കുമെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരു സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസത്തെ ആക്രമണങ്ങളില്‍ മരണസംഖ്യ 38 ആയി ഉയര്‍ന്നു.

ദേര അനുയായികളുടെ അക്രമം രാജ്യതലസ്ഥാന നഗരിയിലേക്കു പടരാതിരിക്കാന്‍ സുരക്ഷാ സേനാംഗങ്ങള്‍ അതീവ ജാഗ്രതയിലാണ്. ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് വാഹന പരിശോധന കര്‍ശനമാക്കി. ചെറുസംഘങ്ങളായി റോത്തക്കിലെത്തി പ്രക്ഷോഭം അഴിച്ചുവിടാന്‍ ഗുര്‍മീത് അനുയായികള്‍ പദ്ധതിയിടുന്നുവെന്ന സൂചന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിട്ടുണ്ട്. റോത്തക്കില്‍നിന്നു ഡല്‍ഹിയിലേക്കുള്ള വഴിയിലുടനീളം സുരക്ഷാസേനാംഗങ്ങള്‍ നിലയുറപ്പിച്ചു.

റോത്തക്കിലേക്കെത്തുന്നവര്‍ മതിയായ കാരണം ബോധിപ്പിച്ചില്ലെങ്കില്‍ കസ്റ്റഡിയിലെടുക്കുമെന്നു പൊലീസ് അറിയിച്ചു. സൈനിക, അര്‍ധസൈനിക വിഭാഗങ്ങളും പൊലീസും ഉള്‍പ്പെട്ട ത്രിതല സുരക്ഷാ സംവിധാനമാണു ഹരിയാനയിലും പഞ്ചാബിലും ഒരുക്കിയിരിക്കുന്നത്. അര്‍ധസൈനിക സേനയുടെ പൂര്‍ണ നിയന്ത്രണത്തിലാണു റോത്തക് ജയില്‍ പരിസരം. നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശത്തു സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കു വെടിയുണ്ടകളെ നേരിടേണ്ടിവരുമെന്നു റോത്തക് ഡപ്യൂട്ടി കമ്മിഷണര്‍ അതുല്‍കുമാര്‍ മുന്നറിയിപ്പു നല്‍കി.

ഹരിയാനയിലും പഞ്ചാബിലും മൊബൈല്‍, ഇന്റര്‍നെറ്റ് സേവനം നാളെ രാവിലെ 11.30 വരെ റദ്ദാക്കിയിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് ഹരിയാനയില്‍ ഇതുവരെ 552 പേര്‍ അറസ്റ്റിലായി. പിരിഞ്ഞുപോകാന്‍ വിസമ്മതിച്ച് അര ലക്ഷത്തോളം അനുയായികള്‍ സിര്‍സയില്‍ ദേര ആസ്ഥാനത്തു തുടരുകയാണ്.

1948ല്‍ മസ്താന ബലോചിസ്താനി സ്ഥാപിച്ച പ്രസ്ഥാനമാണ് ദേരാ സച്ച സൗദ. ആറ് കോടി അനുയായികളുണ്ടെന്നാണ് പ്രസ്ഥാനം പറയുന്നത്. കൂടുതലും ദളിത് സിഖുകള്‍. പഞ്ചാബിലും ഹരിയാനയിലും ആണ് കൂടൂതല്‍ അനുയായികള്‍. 1967ല്‍ ഒരു സ്വാതന്ത്ര്യദിനത്തിലാണ് രാജസ്ഥാനിലെ ഗംഗാനഗറില്‍ ഗുര്‍മീത് രാം റഹീം ജനിച്ചത്. കര്‍ഷക കുടുംബമായിരുന്നു ഗുര്‍മീത് രാം റഹീമിന്റേത്.

ദേര സച്ചാ സൗദ തലവനായി അധികാരമേല്‍ക്കുമ്പോള്‍ മുതല്‍ ആരോപണങ്ങളുടെ നിഴലിലായിരുന്നു ഗുര്‍മീത് റാം റഹീം സിങ്. പക്ഷെ ആരോപണങ്ങള്‍ ഉണ്ടായെങ്കിലും അതൊന്നും അയാളെ ഒരു തരത്തിലും ബാധിച്ചിരുന്നില്ല. കാരണം തുടക്കം മുതല്‍ ഹരിയാനയിലെ അധികാരികളെ തന്റെ നിയന്ത്രണത്തിലാക്കിയായിരുന്നു ഈ സ്വയം പ്രഖ്യാപിത ദൈവത്തിന്റെ ‘അവതരണം’. എന്ത് ചെയ്യാനും തയാറായി നില്‍ക്കുന്ന ലക്ഷക്കണക്കിന് അനുയായികളുടെ പിന്‍ബലത്തിലായിരുന്നു ഗുര്‍മീത് തന്റെ സാമ്രാജ്യം വികസിപ്പിച്ചത്.

കോടിക്കണക്കിന് രൂപയുടെ ആസ്തികളാണ് ദേരാ സച്ച സൗദയുടെ പേരിലുള്ളത്. മൂന്ന് വര്‍ഷം മുമ്പ് ദിവസം 16 ലക്ഷം രൂപ വരുമാനമുള്ളതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജന്‍സത്ത റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം 2011ല്‍ 165 കോടി രൂപയും 2012ല്‍ 202 കോടി രൂപയും അവസാനം കണക്ക് പുറത്ത് വന്ന 2013ല്‍ 290 കോടി രൂപയുടേയും വരുമാനമുണ്ടായിരുന്നു ഗുര്‍മീത് രാം റഹീമിന്.

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 10(23) പ്രകാരം നികുതി അടക്കേണ്ടതില്ല. ലഹരി വിമുക്ത കേന്ദ്രങ്ങള്‍ സ്ഥാപിച്ചും വലിയ രക്തദാന ക്യാമ്പുകള്‍ നടത്തിയുമാണ് ഇത്രയുമധികം ജനങ്ങളെ ഗുര്‍മീത് രാം റഹീം ആകര്‍ഷിച്ചത്. ന്യൂ ജനറേഷന്‍ സൂപ്പര്‍ ഗുരുവായ ഗുര്‍മീത് രാം റഹീം സിനിമകള്‍ സംവിധാനം ചെയ്യുകയും നായകനായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

ജാട്ടു എന്‍ജിനീയര്‍, ഹിന്ദി കാ നാപക് കോ ജവാബ്, എംഎസ്ജി ദി വാരിയര്‍ ലയണ്‍ ഹാര്‍ട്ട്, എംഎസ്ജി2ദി മെസഞ്ചര്‍, എംഎസജി ദി മെസഞ്ചര്‍ എന്നീ ചിത്രങ്ങളിലാണ് ഗുര്‍മീത് രാം റഹീം നായകനായെത്തിയത്. മലയാളത്തിലും ചിത്രം എത്തിയിരുന്നു. കഥ, തിരക്കഥ, സംഭാഷണം, അഭിനയം, നായകന്‍, നിര്‍മാണം, സംവിധാനം എന്നിവയെല്ലാം ഒറ്റക്കാണ് ചെയ്യുന്നത്.

വേള്‍ഡ് റെക്കോഡ്‌സ് യൂണിവേഴ്‌സിറ്റി ഗുര്‍മീത് രാം റഹീമിനെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്. ആകെ അമ്പത്തിമൂന്ന് ലോക റെക്കോര്‍ഡുകളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്. ഇതില്‍ 17 എണ്ണം ഗിന്നസ് റെക്കോര്‍ഡാണ് എങ്കില്‍ 27 എണ്ണം ഏഷ്യ ബുക്ക് റെക്കോര്‍ഡ് ആണ്.

ഗൂര്‍മീത് റാം തന്നെ ബലാത്സംഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി വനിതാ അനുയായി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കയച്ച കത്തിലൂടെയാണ് രാംറഹീമിന്റെ മറ്റൊരു മുഖം ലോകം അറിയുന്നത്. തന്നെ മാത്രമല്ല ഗുര്‍മീത് ആശ്രമത്തിലെ മറ്റ് വനിതാ അനുയായികളെയും ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് കത്തില്‍ ഇവര്‍ ചൂണ്ടിക്കാട്ടി. കത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതി സ്വയം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും, പിന്നീട് കേസ് സി.ബി.ഐക്ക് കൈമാറുകയും ചെയ്തു.

ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പതിനെട്ട് സന്യാസിമാരെ ചോദ്യം ചെയ്തുവെങ്കിലും സ്വാമി തങ്ങളെ ബലാത്സംഗം ചെയ്തതോടെ തങ്ങള്‍ ശുദ്ധരായെന്ന് രണ്ട് പേര്‍ സമ്മതിച്ചത് അന്വേഷണ ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തി. ആശ്രമത്തിലെ സ്വാമിയുടെ ചേംബറില്‍ താന്‍ കയറിയപ്പോള്‍ വാതില്‍ ഓട്ടോമാറ്റിക് ആയി അടയുകയും വലിയ സ്‌ക്രീനില്‍ അശ്ശീല വീഡിയോ കാണിച്ച സ്വാമി തന്നെ പീഡിപ്പിച്ചുവെന്നും ഒരു വനിതാ സന്യാസിനി സി.ബി.ഐക്ക് മൊഴി നല്‍കി.

2008ല്‍ ആണ് ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെയുള്ള വിചാരണ ആരംഭിക്കുന്നത്. ഇയാള്‍ക്കെതിരെ ബലാത്സംഗകുറ്റം ചുമത്തി കേസ് എടുക്കുകയായിരുന്നു. ബലാത്സംഗക്കേസിന് പുറമെ 2002ല്‍ മറ്റ് രണ്ട് കൊലപാതക കുറ്റത്തിനും കൂടിയാണ് ഗുര്‍മീത് വിചാരണ നേരിടുന്നത്.

കൂടെയുള്ള അനുയായിയായ രഞ്ജിത്ത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലും, മാധ്യമപ്രവര്‍ത്തകനായ രാം ചന്ദ്രശേഖര്‍ ചത്രപതി കൊല്ലപ്പെട്ട കേസിലുമായിരുന്നു വിചാരണ. സന്യാസിനി നല്‍കിയ കത്ത് പ്രചരിപ്പിച്ചതിനാണ് അനുയായിയായിരുന്ന രഞ്ജിത്ത് സിങ്ങിനെ കൊലപ്പെടുത്തിയത്. അതുപോലെ തന്നെ ഗുര്‍മീതിന്റെ തെറ്റായ പ്രവണതകള്‍ പുറത്ത് കൊണ്ടുവന്നതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകനെയും കൊലപ്പെടുത്തുകയായിരുന്നു.

2014ല്‍ 400 ഓളം വരുന്ന അനുയായികളെ നിര്‍ബന്ധിത വ്യഷണച്ഛേദത്തിന് വിധേയമാക്കിയെന്ന കേസിലും കുറ്റാരോപിതാനാണ്. വിശ്വാസികളില്‍ ഒരാള്‍ ദൈവവുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ നിര്‍ബന്ധിത വൃഷണച്ഛേദത്തിന് റാം റഹീം വിധേയനാക്കിയെന്ന പരാതിയുമായി അനുയായികളില്‍ ഒരാള്‍ തന്നെയാണ് രംഗത്തെത്തിയത്. ആയുധകടത്തുമായി ബന്ധപ്പെട്ടും റാം റഹീമിനെതിരെ ആരോപണ ഉയര്‍ന്നിരുന്നു.

2007ല്‍ സിക്ക് സംഘടനകള്‍ രാം രഹീമിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. രാം രഹീമിന്റെ വിവാദ ചിത്രമായ മെസഞ്ചര്‍ ഓഫ് ഗോഡില്‍ സിഖ് വംശജരെ മോശമായി ചിത്രീകരിച്ചു എന്നായിരുന്നു അരോപണം. രാ സച്ചാ സൗധ മഠാധിപതി ഗുര്‍മീത് റാം റഹീം സിങ് ദൈവമായി അവതരിപ്പിക്കപ്പെടുന്ന വിവാദ ചിത്രം മെസഞ്ചര്‍ ഓഫ് ഗോഡിന് പ്രദര്‍ശനാനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷയായിരുന്ന ലീലാ സാംസണ്‍ രാജിവെച്ചത്.