ഗുര്‍മീതിനെതിരായ വിധി പറയാന്‍ ജഡ്ജി എത്തിയത് ഹെലികോപ്ടറില്‍

single-img
28 August 2017

ബലാല്‍സംഗക്കേസില്‍ ദേരാ സച്ചാ സൗദി തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന്റെ ശിക്ഷ പ്രഖ്യാപിക്കുന്നതിനായി ജഡ്ജി റോഹ്തക്കിലെത്തി. സര്‍ക്കാരിന്റെ ഹെലികോപ്ടറിലാണ് പ്രത്യേക സിബിഐ കോടതി ജഡ്ജി ജഗദീപ് സിങ് രോഹ്താക് ജയിലിലെത്തിയത്.

രോഹ്തക് ജയിലിലെ വായനാമുറിയാണ് താല്‍ക്കാലിക കോടതി നടപടിക്കുള്ള മുറിയാക്കിയത്. സുരക്ഷ കണക്കിലെടുത്ത് ജയിലിനുള്ളില്‍ കോടതി നടപടികള്‍ കൈക്കൊള്ളാന്‍ ഹരിയാന ഹൈക്കോടതിയാണ് നിര്‍ദേശം നല്‍കിയത്. കോടതിയും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്.

ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിനു ചുറ്റും 3,000 അര്‍ദ്ധ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. അതേസമയം റോഹ്തക്കില്‍ അനിഷ്ട സംഭവങ്ങളുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നു ഡെപ്യൂട്ടി കമ്മീഷണര്‍ അതുല്‍കുമാര്‍ അറിയിച്ചു. മുന്നറിയിപ്പുകള്‍ അവഗണിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ വെടിയുണ്ടകളെ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വനിതാ അനുയായികളെ ബലാല്‍സംഗം ചെയ്ത കേസില്‍ ഗുര്‍മീത് കുറ്റക്കാരനെന്ന് പഞ്ച്കുല സിബിഐ കോടതി ജഡ്ജി ജഗ്ദീപ് സിങ് ആണ് വിധിച്ചത്. വെള്ളിയാഴ്ച കുറ്റക്കാരനെന്ന് വിധിച്ച ശേഷം ശിക്ഷ പ്രഖ്യാപിക്കാന്‍ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

ഗുര്‍മീത് റാം റഹിം സിങ് ബലാല്‍സംഗ കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിന് പിന്നാലെ അനുയായികള്‍ ഹരിയാനയില്‍ കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. 38 പേര്‍ അക്രമണത്തില്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വാഹനങ്ങളും കെട്ടിടങ്ങളും അഗ്‌നിക്കിരയാക്കി.