‘ആള്‍ദൈവം’ നിലത്തിരുന്ന് വാവിട്ട് കരഞ്ഞു: പോലീസ് വലിച്ചിഴച്ച് ജയിലിലേക്ക് കൊണ്ടുപോയി

single-img
28 August 2017

റോഹ്തക്: ബലാത്സംഗക്കേസില്‍ കോടതി പത്ത് വര്‍ഷം തടവിന് ശിക്ഷിച്ച ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിനെ പോലീസ് കോടതി മുറിക്കു പുറത്തെത്തിച്ചത് ബലം പ്രയോഗിച്ച്. ശിക്ഷാവിധി കേട്ട് വികാരാധീനനായ ഗുര്‍മീത് ജയിലിനുള്ളില്‍ പ്രത്യേകം തയാറാക്കിയ കോടതിമുറിയില്‍ നിന്നും വീണ്ടും ജയിലിലേക്കു മാറ്റാനുള്ള പൊലീസിന്റെ ശ്രമം തടയുകയായിരുന്നു.

ഇതോടെ, ബലം പ്രയോഗിക്കേണ്ടി വരുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കി. തുടര്‍ന്ന് നിലത്തിരുന്ന ഗുര്‍മീതിനെ ഉദ്യോഗസ്ഥര്‍ വലിച്ചിഴച്ചാണ് സെല്ലിലേക്ക് നീക്കിയത്. ഈ സമയം വിധി താന്‍ അംഗീകരിക്കില്ലെന്ന് പറഞ്ഞ് അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു. വേദികളില്‍ തിളങ്ങി നില്‍ക്കുന്ന ഗുര്‍മീതിന്റെ വേറിട്ട മുഖമായിരുന്നു ആ സമയം കോടതിയില്‍ കണ്ടത്.

അതേസമയം തനിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നുണ്ടെന്ന് ഗുര്‍മീത് പറഞ്ഞതിനെ തുടര്‍ന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ദീപ അദ്ദേഹത്തെ പരിശോധിച്ചു. എന്നാല്‍ അടിയന്തര വൈദ്യസഹായം വേണമെന്നും, തനിക്ക് എന്തെങ്കിലും പറ്റിയാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സേറ്റ്റ്റിനായിരിക്കുമെന്നും ഗുര്‍മീത് വിളിച്ചു പറഞ്ഞു.

ഇതേത്തുടര്‍ന്ന് ഡോ.ദീപ അദ്ദേഹത്തെ വീണ്ടും പരിശോധിച്ചു. റോഹ്തക് കോടതിയിലെ ലൈബ്രറിയിലാണ് ഗുര്‍മീതിന്റെ വിധി പ്രസ്താവിക്കുന്നതിനായുള്ള പ്രത്യേക കോടതി സജ്ജമാക്കിയിരുന്നത്. വിധി പ്രസ്താവിക്കുമ്പോള്‍ ജഡ്ജിയും രണ്ട് സഹായിമാരും പ്രതിഭാഗം വാദിഭാഗം അഭിഭാഷകരും ഗുര്‍മീതും മാത്രമേ ലൈബ്രറി ഹാളില്‍ ഉണ്ടായിരുന്നുള്ളൂ.

നേരത്തെ, വിധി കേട്ട്‌ കോടതി മുറിയില്‍ ജഡ്ജിക്ക് മുന്നില്‍ കൈകൂപ്പി പൊട്ടിക്കരഞ്ഞ ആള്‍ദൈവം തനിക്ക് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് അപേക്ഷിച്ചു.ശിക്ഷാവിധിക്ക് മുന്‍പായി എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തോടായിരുന്നു ഗുര്‍മീതിന്റെ ഈ പ്രതികരണം. വിധി പ്രസ്താവത്തിന് മുന്‍പ് പ്രതിഭാഗത്തിനും പ്രോസിക്യൂഷനും വാദത്തിനായി പത്ത് മിനിട്ട് വീതം ജഡ്ജി അനുവദിച്ചു.

ആദ്യം വാദങ്ങള്‍ നിരത്തിയ പ്രതിഭാഗം അഭിഭാഷകന്‍ പ്രതിക്ക് പരമാവധി കുറഞ്ഞ ശിക്ഷമാത്രമേ നല്‍കാവു എന്ന് ആവശ്യപ്പെട്ടു. ഗുര്‍മീതിന്റെ പ്രായം, ആരോഗ്യപ്രശ്‌നങ്ങള്‍, സാമൂഹിക പ്രവൃത്തികള്‍ എന്നിവ കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.

ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് ഗുര്‍മീതെന്നും ശിക്ഷ വിധിക്കുമ്പോള്‍ അക്കാര്യം പരിഗണിക്കണമെന്നും അഭിഭാഷകന്‍ ജഡ്ജിയോട് പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തേക്കാള്‍ സ്ത്രീകളുടെ ക്ഷേമത്തിന് വേണ്ടി പ്രവൃത്തിച്ച വ്യക്തിയാണ് ഗുര്‍മീതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ പ്രതി ചെയ്തത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും പരമാവധി ശിക്ഷതന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ വാദിച്ചു. പത്തുവര്‍ഷം കഠിന തടവാണ് ബലാത്സംഗക്കേസില്‍ ഗുര്‍മീതിന് പ്രത്യേക സിബിഐ കോടതി വിധിച്ചിരിക്കുന്നത്. 2002 ല്‍ ദേര ആശ്രമത്തിലെ അന്തേവാസികളായ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലാണ് ഗുര്‍മീതിന് ഇപ്പോള്‍ തടവുശിക്ഷ ലഭിച്ചിരിക്കുന്നത്.

ശിക്ഷ പ്രഖ്യാപിക്കുന്നതിനായി സര്‍ക്കാരിന്റെ ഹെലികോപ്ടറിലാണ് പ്രത്യേക സിബിഐ കോടതി ജഡ്ജി ജഗദീപ് സിങ് രോഹ്താക് ജയിലിലെത്തിയത്. രോഹ്തക് ജയിലിലെ വായനാമുറി താല്‍ക്കാലിക കോടതിയാക്കിയാണ് ശിക്ഷ വിധിച്ചത്. സുരക്ഷ കണക്കിലെടുത്ത് ജയിലിനുള്ളില്‍ കോടതി നടപടികള്‍ കൈക്കൊള്ളാന്‍ ഹരിയാന ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.