സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ദീപക് മിശ്ര ചുമതലയേറ്റു

single-img
28 August 2017

രാജ്യത്തിന്റെ 45ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ദീപക് മിശ്ര സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു

നിലവില്‍ സുപ്രീംകോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയാണ് 63 കാരനായ ദീപക് മിശ്ര. അടുത്തവര്‍ഷം ഒക്ടോബര്‍ 2 വരെ കാലാവധിയുള്ള ജസ്റ്റിസ് ദീപക് മിശ്ര 13 മാസം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരും. ഒഡീഷയില്‍ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്ന മൂന്നാമത്തെ വ്യക്തിയാണ് ജസ്റ്റിസ് ദീപക് മിശ്ര.

ജസ്റ്റിസ് രംഗനാഥ് മിശ്ര, ജസ്റ്റിസ് ജി ബി പട്‌നായിക് എന്നിവരാണ് മുമ്പ് ഒഡീഷയില്‍ നിന്നും ചീഫ് ജസ്റ്റിസായിട്ടുള്ളത്. യാക്കൂബ് മേമന് വധ ശിക്ഷ വിധിച്ചതും ഡല്‍ഹി കൂട്ട ബലാല്‍സംഘ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചതും ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ചായിരുന്നു. സിനിമാ തീയേറ്ററുകളില്‍ ദേശീയ ഗാനാലാപനം നിര്‍ബന്ധമാക്കിയതും ജസ്റ്റിസ് മിശ്രയുടെ ഉത്തരവിനെ തുടര്‍ന്നാണ്.

മുത്തലാഖും സ്വകാര്യതയുമായി ബന്ധപ്പെട്ട ചരിത്രപ്രധാന വിധികളിലൂടെ സുപ്രീം കോടതി രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ചതിനു പിന്നാലയാണു പുതിയ ചീഫ് ജസ്റ്റിസ് അധികാരമേല്‍ക്കുന്നത്. അയോധ്യ തര്‍ക്കം, ശബരിമല സ്ത്രീപ്രവേശനം തുടങ്ങിയ വിഷയങ്ങള്‍ പുതിയ ചീഫ് ജസ്റ്റിസിനെ കാത്തിരിക്കുന്നു.