ആരോപണ വിധേയര്‍ കുമ്മനത്തിനൊപ്പം ‘നടക്കാന്‍ പാടില്ല’: പദയാത്രയില്‍ നിന്നും നേതാക്കളെ ഒഴിവാക്കി

single-img
28 August 2017

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തുന്ന പദയാത്രയില്‍ നിന്നും ആരോപണ വിധേയരായ നേതാക്കളെ ഒഴിവാക്കി. സെപ്റ്റംബര്‍ 7 ന് നടത്താനിരിക്കുന്ന പദയാത്രയില്‍ നിന്നാണ് പരാതിപ്പട്ടികയിലുള്ള മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കുന്നത്. കൂടാതെ സാമ്പത്തിക ക്രമക്കേടുകള്‍ ഉയര്‍ന്ന ജില്ലാ കമ്മറ്റികളും പൊളിച്ചെഴുതും.

എന്നാല്‍ വിഭാഗീയത രൂക്ഷമായി നല്‍ക്കുന്ന സാഹചര്യത്തില്‍ പദയാത്രയുടെ ഒരുക്കങ്ങള്‍ ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. മെഡിക്കല്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ യാത്രകളുടെ ചുമതലകളില്‍ നിന്ന് ആദ്യം പുറത്തേക്ക് പോയത് ബി ജെ പി സംസ്ഥാന സമിതിയംഗമായിരുന്ന എ കെ നസീറായിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നോളം സംസ്ഥാന ഭാരവാഹികളെയും യാത്രയില്‍ നിന്നും ഒഴിവാക്കിയത്.

സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ ഉയര്‍ന്ന കൊല്ലം, കോട്ടയം, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലാ കമ്മറ്റികളില്‍ താല്‍ക്കാലികമായ അഴിച്ചുപണിയും ഉടന്‍ ഉണ്ടാകും. അതേസമയം നടപടികള്‍ ഉണ്ടാകുന്നത് ഒരു പക്ഷത്ത് ഉള്ളവര്‍ക്ക് എതിരെ മാത്രമാണെന്ന് ആരോപണം ബിജെപിക്ക് ഉള്ളില്‍ വീണ്ടും ഉയര്‍ന്നു വരുന്നുണ്ട്. ഇത് കുമ്മനം നയിക്കുന്ന പദയാത്രയെ ബാധിക്കുമെന്ന ആശങ്കയും നേതൃത്വത്തിന് ഉണ്ട്.

എന്നാല്‍ എല്ലാ ജില്ലകളിലെ പദയാത്രയിലും കേന്ദ്ര നേതാക്കളെ എത്തിച്ച് നിലവില്‍ ഉണ്ടായ അപസ്വരങ്ങളെ മറികടക്കാന്‍ കഴിയുമെന്നാണ് കുമ്മനം അടക്കമുള്ളവരുടെ പ്രതീക്ഷ. യാത്രയുടെ ഭാഗമായി വിവിധ മേഖലയിലെ പ്രമുഖ വ്യക്തികള്‍ക്ക് പാര്‍ട്ടി അംഗത്വം കൊടുക്കാനാണ് തീരുമാനം. കേരളത്തില്‍ പാര്‍ട്ടി ശക്തിപ്പെടുത്താനായി നടത്തുന്ന പദയാത്രയില്‍ നിന്ന് സംസ്ഥാന ഭാരവാഹികളെ ഒഴിവാക്കുന്നത് നിലവിലെ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുകയേ ഉള്ളൂവെന്നാണ് വിലയിരുത്തല്‍.