ബഹ്‌റൈനില്‍ അനധികൃത തൊഴിലാളികളെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി

single-img
28 August 2017

മനാമ: നിയമവിരുദ്ധമായി ജോലി ചെയ്യുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ കര്‍ശനമാക്കി ബഹ്‌റൈന്‍. അനധികൃത തൊഴിലാളികള്‍ സൃഷ്ടിക്കുന്ന വിവിധ സാമൂഹിക പ്രശ്‌നങ്ങള്‍ രാജ്യത്തെ സ്വദേശി പൗരന്മാര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതിയെത്തുടര്‍ന്നാണ് നടപടികള്‍ കര്‍ശനമാക്കുന്നത്. ഇതിനായി ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി തൊഴിലിടങ്ങളില്‍ നടത്തുന്ന പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കും.

വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റിയാണ് രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരേയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരേയും കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ നടത്തുന്നത്. തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും ഇതിനായി നടത്തുന്ന പരിശോധനകള്‍ ഇനി മുതല്‍ കൂടുതല്‍ വ്യാപിപ്പിക്കാനാണ് അതോറിറ്റിയുടെ തീരുമാനം.

അനധികൃത തൊഴിലാളികളെ കുറച്ച് കൊണ്ട് വരാന്‍ അടുത്തിടെ ഫഌ്‌സിബിള്‍ വര്‍ക്കിംഗ് പെര്‍മിറ്റ് സംവിധാനം ബഹറൈനില്‍ ആരംഭിച്ചിരുന്നു. രേഖകളില്ലാതെ രാജ്യത്ത് വിവിധ ജോലികള്‍ ചെയ്തു കഴിയുന്നവര്‍ക്ക് നിയമപ്രകാരം ജോലി ചെയ്യുവാനുള്ള അവസരമാണ് ഇത് വഴി സാധ്യമാക്കിയത്. ഇതോടൊപ്പം മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവരെ ഉദ്ദേശിച്ച് വിവിധ ബോധവല്‍ക്കരണ പരിപാടികളും അതോറിറ്റി സംഘടിപ്പിച്ചിരുന്നു.

എന്നാല്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടും പ്രശ്‌നം പരിഹാരമില്ലാതെ തുടരുന്നതിനാലാണ് നിയമ വിരുദ്ധമായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായി ജോലി സ്ഥലങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കുവാന്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്.