ആശാറാം ബാപ്പു കേസ്: വിചാരണ വൈകുന്നതില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം

single-img
28 August 2017

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ വിചാരണ വൈകുന്നതില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഇത്രയും കാലമായിട്ടും ഇരയുടെ മൊഴിപോലും എടുക്കാത്തതെന്തുകൊണ്ടാണെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. കേസിന്റെ ഇതുവരെയുള്ള പുരോഗതികള്‍ കാണിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

ബലാത്‌സംഗക്കേസില്‍ കുറ്റാരോപിതനായ ആശാറാം ബാപ്പു ഗാന്ധിനഗര്‍ കോടതിയിലാണ് വിചാരണ നേരിടുന്നത്. ആശാറാം ബാപ്പു ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് 2013 ആഗസ്ത് 20ന് 16കാരി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണിയാള്‍ ജയിലിലാകുന്നത്. രാജസ്ഥാനിലെ ജോധ്പൂരിലുള്ള ഒരാശ്രമത്തില്‍ വെച്ചായിരുന്നു പീഡനമെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു.

ഈ കേസ് നടന്നുകൊണ്ടിരിക്കെ സൂറത്തിലെ ആശ്രമത്തില്‍ വെച്ച് ആശാറാം ബാപ്പുവും, മകന്‍ നാരായണന്‍ സായിയും പീഡിപ്പിച്ചുവെന്നാരോപിച്ച് രണ്ട് പെണ്‍കുട്ടികള്‍ രംഗത്തുവന്നിരുന്നു. പരാതിയെ തുടര്‍ന്ന് ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് നാല്‍പ്പതിലധികം സാക്ഷികളുണ്ടായിട്ടും ഇവരുടെയൊന്നും മൊഴി രേഖപ്പെടുത്താതത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. നേരത്തെ ആശാറാം ബാപ്പു തന്റെ ആരോഗ്യ സ്ഥിതിയെ മുന്‍നിര്‍ത്തി നല്‍കിയ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു.