ആലുവയില്‍ നിര്‍ത്തിയിട്ട ലോറിയില്‍നിന്ന് 46 ടെലിവിഷന്‍ സെറ്റുകള്‍ ‘കള്ളന്മാര്‍ കൊണ്ടുപോയി’

single-img
28 August 2017

പെരുമ്പിലാവ്: റോഡരികില്‍ ലോറി നിര്‍ത്തി ഡ്രൈവര്‍ ഉറങ്ങിയതോടെ വാഹനത്തില്‍ ഉണ്ടായിരുന്ന 46 ടെലിവിഷന്‍ സെറ്റുകള്‍ മോഷണം പോയി. ക്ഷീണം മൂലം വാഹനം റോഡരികിലൊതുക്കി ഉറങ്ങുന്നതിനിടെയായിരുന്നു സംഭവമെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞു. പെരുമ്പിലാവില്‍ വെച്ച് ഞായറാഴ്ച വെളുപ്പിന് രണ്ടിനാണ് മോഷണം നടന്നത്.

ആലുവ തോട്ടുമുഖത്തുനിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ലോറി. ഇതിനിടെയാണ് മറ്റൊരു വാഹനത്തിലെത്തിയ സംഘം ലോറിയുടെ ടാര്‍പോളിന്‍ പൊളിച്ചുനീക്കി ടി.വി. സെറ്റുകള്‍ കടത്തിയത്. ഡ്രൈവര്‍ ബെംഗളൂരു സ്വദേശി കാഡയ്യഗൗഡ ഉള്‍പ്പെടെ മൂന്നുപേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. ലോറി അനങ്ങുന്നതായി അനുഭവപ്പെട്ടതിനെതുടര്‍ന്ന് നോക്കിയപ്പോഴാണ് മോഷണവിവരം അറിഞ്ഞതെന്ന് ഡ്രൈവര്‍ പറഞ്ഞു.

ഡ്രൈവര്‍ ഉണര്‍ന്നതറിഞ്ഞ് മോഷ്ടാക്കള്‍ വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. തൃശ്ശൂര്‍ ഭാഗത്തേക്ക് ഓടിച്ചുപോയ വാഹനത്തെ, സമീപത്തുണ്ടായിരുന്ന ഓട്ടോ വിളിച്ച് പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. കളമശ്ശേരിയിലെ ഒരു ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി വഴിയാണ് സാധനങ്ങള്‍ അയച്ചിരുന്നത്.

50 എല്‍.ഇ.ഡി. ടി.വി.കള്‍, വാഷിങ്‌മെഷീന്‍, മള്‍ട്ടിമീഡിയ സ്പീക്കര്‍ എന്നിവയാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 46 ടി.വി. സെറ്റുകളാണ് നഷ്ടപ്പെട്ടത്. കോഴിക്കോടുള്ള രണ്ടും മാനന്തവാടിയിലുള്ള ഒന്നും സ്ഥാപനങ്ങളിലേക്ക് അയച്ചവയായിരുന്നു അവ.

ഓണത്തിരക്കായതിനാല്‍ വാടകയ്‌ക്കെടുത്ത ലോറിയിലാണ് ഏജന്‍സി സാധനങ്ങള്‍ അയച്ചത്. വിരലടയാള വിദഗ്ദ്ധന്‍ യു. രാമദാസിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. എസ്.ഐ. യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ആരംഭിച്ചു. ഏഴ് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കി.