ഗുര്‍മീതിന്റെ പേരില്‍ രണ്ടു കൊലപാതക കേസുകള്‍ കൂടി; വിചാരണ ഉടന്‍

single-img
27 August 2017

ചണ്ഡീഗഡ്: അനുയായികളായ രണ്ടു സന്യാസിനികളെ ബലാല്‍സംഗത്തിന് ഇരയാക്കിയെന്ന പരാതിയില്‍ ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിംഗിനെതിരെ നാളെ പ്രത്യേക സിബിഐ കോടതി ശിക്ഷാ വിധി പ്രഖ്യാപിക്കാനിരിക്കുകയാണ്. ഇതോടെ ഏറെ പ്രതീക്ഷയിലാണ് മാധ്യമ പ്രവര്‍ത്തകന്‍ രാം ചന്ദര്‍ ചത്രപതിയുടെ കുടുംബം.

ദേര സച്ച സൗദ തലവന്റെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയതിന് ശേഷമാണ് രാം ചന്ദര്‍ ചത്രപതി റാം റഹീമിന്റെ അനുയായികളാല്‍ കൊല്ലപ്പെടുന്നത്. ഈ കേസിലും ഗുര്‍മീത് റാ റഹീം വിചാരണ നേരിടുന്നുണ്ട്. സിബിഐ അന്വേഷണം പൂര്‍ത്തിയായ കേസില്‍ സെപ്തംബര്‍ 16നാണ് അടുത്ത വിചാരണ.

‘പൂര സച്ച്’ എന്ന പേരില്‍ രാം ചന്ദര്‍ പ്രസിദ്ധീകരിക്കുന്ന സായാഹ്ന പത്രത്തിലാണ് റാം റഹീമിനെതിരായ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഒക്ടോബര്‍ 24നാണ് റാം റഹീമിന്റെ അനുയായികള്‍ രാം ചന്ദറിനെ കൊലപ്പെടുത്തുന്നത്. വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ശേഷം അച്ഛന് റഹീം അനുയായികളില്‍ നിന്ന് നിരന്തരം ഭീഷണിയുണ്ടായിരുന്നെന്ന് അന്‍ഷുല്‍ പറഞ്ഞു. കേസ് പിന്‍വലിച്ചാല്‍ അഞ്ച് കോടി രൂപ നല്‍കാമെന്ന് വാഗ്ദാനമുണ്ടായതായും അന്‍ഷുല്‍ പറഞ്ഞു.

‘ഞങ്ങള്‍ വിധിയെ സ്വാഗതം ചെയ്യുന്നു. ഈ വിധി ഞങ്ങള്‍ക്ക് മാത്രമല്ല ഈ രാജ്യത്തുള്ള എല്ലാവര്‍ക്കും ആശ്വസം പകരുന്നതാണ്. നിയമത്തിലൂടെ സാധാരണക്കാരന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയാണ് കോടതി വിധി തരുന്നതെന്ന്’ രാം ചന്ദര്‍ ചത്രപതിയുടെ മകന്‍ അന്‍ഷുല്‍ പറഞ്ഞു. റാം റഹീമിന്റെ അനുയായികളുടെ ഭീഷണിയെ തുടര്‍ന്ന പൊലീസ് സംരക്ഷണയിലാണ് അനുഷുല്‍ ഇപ്പോള്‍.

നിലവില്‍ രണ്ട് കൊലപാതക കേസുകളിലാണ് റാം റഹീം വിചാരണ നേരിടുന്നത്. ബലാത്സംഗത്തിന് ഇരായായ പെണ്‍കുട്ടിയുടെ സഹോദരന്‍ രഞ്ജീത് സിങിനെ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തറിയിച്ചു എന്നതിനെ തുടര്‍ന്നാണ് റാം റഹീമിന്റെ അനുയായികള്‍ കൊലപ്പെടുത്തിയത്. ഈ രണ്ടു കേസുകളിലും സിബിഐക്കാണ് അന്വേഷണ ചുമതല.