ശ്രീറാം വെങ്കിടരാമന്റെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാര്‍ വാദം തെറ്റ്; രേഖകള്‍ പുറത്ത്

single-img
27 August 2017

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത ദേവികുളം മുന്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിടരാമന്റെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന്റെ വാദം കളളമാണെന്നു തെളിയിക്കുന്ന രേഖകള്‍ പുറത്ത്. എംപ്‌ളോയ്‌മെന്റ് ട്രെയിനിങ് ഡയറക്ടര്‍ എന്ന തസ്തികയിലേക്ക് പ്രമോഷന്‍ നല്‍കിയെന്ന വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് പൊതുഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി കെ രാജ്വേശരി നല്‍കിയിരിക്കുന്ന വിവരാവകാശ മറുപടിയിലൂടെ വ്യക്തമാവുന്നത്.

വിവരാവകാശത്തിന് നല്‍കിയ മറുപടിയില്‍ എ ഗ്രേഡ് സബ് കലക്ടറും എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഡയറക്ടര്‍ സ്ഥാനവും തുല്യ തസ്തികളാണെന്ന് വ്യക്തമാക്കുന്നു. കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷന്‍ പ്രകാരം ഐഎഎസ് കേരള കേഡറിലെ നിലവിലെ അനുവദനീയ തസ്തികകളുടെ ലിസ്റ്റ് പ്രകാരമാണിതെന്നും പറയുന്നുണ്ട്. അതിനാല്‍ തന്നെ മുഖ്യമന്ത്രി അടക്കം സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ശ്രീറാം വെങ്കിട്ടരാമന് നല്‍കിയെന്ന് പറയുന്ന സ്ഥാനക്കയറ്റം തെറ്റാന്നെന്നാണ് തെളിയുന്നത്.

ശ്രീറാം വെങ്കിട്ടരാമനു സ്ഥാനക്കയറ്റം നല്‍കിയെന്നായിരുന്നു സ്ഥലമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ദേവികുളം സബ് കളക്ടറായിരിക്കെ കഴിഞ്ഞ ജനുവരി ഒന്നിനാണ് ശ്രീറാമിനെ സീനിയര്‍ ടൈം സ്‌കെയിലിലേക്കു പ്രമോഷന്‍ നല്‍കിയത്. ഐഎഎസ് ചട്ട പ്രകാരം ഇനി അഞ്ചു വര്‍ഷത്തിനു ശേഷമേ ശ്രീറാമിനു സ്ഥാനക്കയറ്റം ലഭിക്കുകയുള്ളു.