ദേരാ സച്ച സൗദ കലാപം: നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി

single-img
27 August 2017

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ കുറ്റക്കാരനായ ദേരാ സച്ച സൗദ നേതാവ് ഗുര്‍മിത് റാം റഹീം സിംഗിന്റെ അനുയായികള്‍ ഹരിയാനയിലും പഞ്ചാബിലും നടത്തിയ കലാപത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് പ്രധാന മന്ത്രി . വിശ്വാസത്തിന്റെ പേരിലായാലും, രാഷ്ട്രീയത്തിന്റെ പേരിലായും മറ്റെന്തിന്റെ പേരിലായാലും രാജ്യത്ത് നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ശക്തമായ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

ഹരിയാനയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തില്‍ വലിയ ദു:ഖമുണ്ട്. ഗാന്ധിജിയുടെയും ബുദ്ധന്റെയും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെയും നാടാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഒരു തരത്തിലുള്ള അക്രമവും കലാപവും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ ‘മന്‍ കി ബാത്തില്‍’ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പൗരന്‍മാരെ വിശ്വാസത്തിലെടുക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. രാജ്യത്തെ പാവപ്പെട്ടവരെയും കണ്ടില്ലെന്ന് നടിക്കരുത്. നമ്മുടെ ഉത്സവങ്ങളും ആഘോഷങ്ങളുമെല്ലാം വിവിധ സംസ്‌കരങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. അത് ഇന്ത്യയ്ക്ക് മാത്രം ലഭിച്ച അനുഗ്രഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.