പ്രകോപനവുമായി ഉത്തരകൊറിയ വീണ്ടും; മൂന്നു ബാലിസ്റ്റിക് മിസൈലുകള്‍ കൂടി പരീക്ഷിച്ചു

single-img
27 August 2017

വാഷിംഗ്ടണ്‍ ഡിസി: കൊറിയന്‍ മേഖലയില്‍ യുഎസും ദക്ഷിണകൊറിയയും സൈനികാഭ്യാസം തുടരുന്നതിനിടെ ഉത്തരകൊറിയ മൂന്നു ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചതു മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിച്ചു. വെള്ളിയാഴ്ച വിക്ഷേപിച്ച ആദ്യത്തെയും മൂന്നാമത്തെയും മിസൈലുകള്‍ 250 കിലോമീറ്റര്‍ പറന്നു. രണ്ടാമത്തെ മിസൈല്‍ വിക്ഷേപിച്ചയുടന്‍ തകര്‍ന്നുവീണു. ഉത്തരകൊറിയയിലെ ഗാംഗ്വോണില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 6.49 നാണ് മിസൈലുകള്‍ പരീക്ഷിച്ചത്.

ഹ്രസ്വദൂര മിസൈലുകളാണു പരീക്ഷിച്ചതെന്നും മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടെന്നും യുഎസ് പസഫിക് കമാന്‍ഡ് അറിയിച്ചു. മിസൈല്‍ പരീക്ഷണ വാര്‍ത്ത ട്രംപിനെ അറിയിച്ചെന്നും യുഎസ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് അറിയിച്ചു.

എട്ടു മാസത്തിനിടെ ഉത്തര കൊറിയയുടെ പതിമൂന്നാമത്തെ മിസൈല്‍ പരീക്ഷണമാണിത്. യുഎസിലെ വിവിധ നഗരങ്ങളില്‍ എത്താന്‍ ശേഷിയുള്ള രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ ഉത്തരകൊറിയ കഴിഞ്ഞമാസം പരീക്ഷിച്ചിരുന്നു. ഉത്തരകൊറിയയെ ചുട്ടുചാമ്പലാക്കുമെന്ന് ഇതേത്തുടര്‍ന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇരുകൂട്ടരും വാക് പോരു നിര്‍ത്തി. ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് അമേരിക്ക സൂചിപ്പിച്ചു. തത്കാലം അമേരിക്കയെ ആക്രമിക്കില്ലെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നും പറഞ്ഞു.

എന്നാല്‍ വെള്ളിയാഴ്ചത്തെ മിസൈല്‍ പരീക്ഷണം സ്ഥിതിഗതി വീണ്ടും വഷളാക്കിയിരിക്കുകയാണ്. ദക്ഷിണകൊറിയയും അമേരിക്കയും ചേര്‍ന്ന് കൊറിയന്‍ മേഖലയില്‍ നടത്തുന്ന സൈനികാഭ്യാസ പ്രകടനമാണ് മിസൈല്‍ പരീക്ഷണത്തിന് ഉത്തരകൊറിയയെ പ്രേരിപ്പിച്ചതെന്നു കരുതപ്പെടുന്നു. എല്ലാ വര്‍ഷവും നടത്താറുള്ള സൈനികാഭ്യാസം പ്രതിരോധ ലക്ഷ്യത്തോടെയാണെന്നു ദക്ഷിണകൊറിയ പറയുന്നു. എന്നാല്‍ പ്രകോപനം സൃഷ്ടിക്കുകയും യുദ്ധത്തിന്റെ റിഹേഴ്‌സല്‍ നടത്തുകയുമാണു യുദ്ധാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ഉത്തരകൊറിയ ആരോപിച്ചു.