കൊല്ലം തീരത്ത് മത്സ്യബന്ധന വള്ളത്തിലിടിച്ചതു സിംഗപ്പുര്‍ കമ്പനിയുടെ കപ്പല്‍; തീരസേന നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും, നിര്‍ത്താതെ കപ്പല്‍ യാത്ര തുടർന്ന് കൊണ്ടേയിരിക്കുന്നു

single-img
27 August 2017

കൊല്ലം: കൊല്ലത്ത് ഉള്‍ക്കടലില്‍ വിദേശ കപ്പലിടിച്ച് വള്ളം തകര്‍ന്ന സംഭവത്തില്‍ അപകടമുണ്ടാക്കിയ കപ്പലിനെ വിഴിഞ്ഞം തീരസംരക്ഷണസേന ഉള്‍ക്കടലില്‍ കണ്ടെത്തി. സിംഗപ്പുര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഷിപ്പിംഗ് കമ്പനിയുടെ അനിയാംഗ് എന്ന കപ്പലാണ് വള്ളത്തില്‍ ഇടിച്ച് അപകടമുണ്ടാക്കിയതെന്ന് തീരസംരക്ഷണ സേന അറിയിച്ചു.

വിഴിഞ്ഞത്ത് നിന്നുള്ള സി427 എന്ന കപ്പലും കൊച്ചിയില്‍ നിന്നുമെത്തിയ ഡോര്‍ണിയര്‍ വിമാനവുമാണ് കപ്പലിനെ കണ്ടെത്തിയത്. തീരസേന നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും, കപ്പല്‍ നിര്‍ത്താതെ യാത്ര തുടരുകയാണെന്ന് സേനാധികൃതര്‍ പറഞ്ഞു. അപകട സമയവും മീന്‍പിടിത്തക്കാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഈ കപ്പലാണ് വള്ളത്തിലിടിച്ചതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

തീരസംരക്ഷണസേനയുടെ കമാന്‍ഡര്‍ കപ്പലിന്റെ ക്യാപ്റ്റനുമായി സംസാരിച്ചിരുന്നു. എന്നാല്‍ കപ്പല്‍ നിര്‍ത്താന്‍ ക്യാപ്റ്റന്‍ തയ്യാറായില്ല. യാത്രതുടരാന്‍ തങ്ങളുടെ ഏജന്‍സി തലവന്‍ നിര്‍ദ്ദേശിച്ചതായി ക്യാപ്റ്റന്‍ വിഴിഞ്ഞം തീരസംരക്ഷണ സേനയെ അറിയിച്ചു.ആന്‍ഡമാന്‍, തൂത്തുക്കുടി, ചെന്നൈ, കൊച്ചി എന്നിവിടങ്ങളില്‍നിന്നുള്ള തീരസേനയുടെ കപ്പലുകള്‍ അപകടമുണ്ടാക്കിയ കപ്പലിനെ പിന്‍തുടരുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം നിര്‍ത്താതെ പോയ കപ്പലിനുനേരെ വെടിവെയ്ക്കാന്‍ തീരസംരക്ഷണസേന തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് നീക്കം ഉപേക്ഷിച്ചു.

വള്ളത്തില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ ആറു തൊഴിലാളികള്‍ക്കു പരിക്കേറ്റിരുന്നു. സാമുവല്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ആരോഗ്യ അന്ന എന്ന വള്ളത്തിലാണ് കപ്പല്‍ ഇടിച്ചത്. കപ്പല്‍ചാലില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നോടെയാണ് അപകടം. തമിഴ്‌നാട് കുളച്ചല്‍ നീരോട് സ്വദേശി സഹായം എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് ഇത്.

തകര്‍ന്ന വള്ളത്തില്‍ പിടിച്ച് കിടക്കുകയായിരുന്നു തൊഴിലാളികള്‍. നീണ്ടകരയില്‍ നിന്നും വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ആരോഗ്യ അന്ന മത്സ്യബന്ധനത്തിനായി പോയത്. കൊല്ലം തിരുമുല്ലവാരം തീരത്തുനിന്നും 40 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ 8.53 നോര്‍ത്തും 75.4 ഈസ്റ്റിലുമായി അന്താരാഷ്ട്ര കപ്പല്‍ ചാലിലായിരുന്നു അപകടം.