കിഫ്ബി: 40,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഈ വര്‍ഷം തന്നെ അനുമതി നല്‍കും: മുഖ്യമന്ത്രി

single-img
27 August 2017

തിരുവനന്തപുരം : കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) മുഖാന്തരം 40,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഈ വര്‍ഷംതന്നെ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കിഫ്ബി സംഘടിപ്പിച്ച ഉന്നതതല ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാരിന്റെ ആദ്യ രണ്ടു ബജറ്റിലൂടെ മാത്രം അമ്പതിനായിരം കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബിയിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. 2612 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബി സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനം പോലും സ്വകാര്യവത്കരിക്കുന്ന സാഹചര്യത്തില്‍, ജനപക്ഷ ബദല്‍ എന്ന നിലയില്‍ കേരളം മുന്നോട്ടുവയ്ക്കുന്ന പുതിയ മാതൃകയാണ് കിഫ്ബി. കേരളത്തിന്റെ ഊര്‍ജക്ഷാമം പരിഹരിക്കാന്‍ വിവിധ വൈദ്യുത പദ്ധതികള്‍ക്കായി 5200 കോടി രൂപ, പൊതുമരാമത്ത് വകുപ്പിനായി 1781 കോടി രൂപ, വിവിധ ലൈറ്റ് മെട്രോകള്‍ക്കായി 272 കോടി, വ്യവസായ വകുപ്പിന് 1700 കോടി, ഐടി വകുപ്പിന് 351 കോടി, ജലവിഭവ വകുപ്പിന് 1690 കോടി, ആരോഗ്യ-കുടുംബക്ഷേമ വകുപ്പിനായി 968 കോടി, വിദ്യാഭ്യാസത്തിനായി 678 കോടി, പ്രീമെട്രിക് ഹോസ്റ്റലിനായി 74 കോടി, വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിനായി 45 കോടി എന്നിങ്ങനെ വിവിധ പദ്ധതികളാണ് കിഫ്ബി വഴി നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കിഫ്ബിയെപ്പറ്റി ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്ന സംശയങ്ങള്‍ ദുരീകരിക്കാനും ധനപരമായ ഉറപ്പിനൊപ്പം വിശ്വാസ്യതയും അംഗീകാരവും നേടിയെടുക്കാനും ഒരു വര്‍ഷം കൊണ്ടു തന്നെ സര്‍ക്കാരിന് കഴിഞ്ഞു. സീഡ് ക്യാപിറ്റല്‍ കോര്‍പ്പസായി കിഫ്ബിക്ക് നല്‍കിയ 2438.42 കോടി രൂപയും മോട്ടോര്‍ വാഹന നികുതിയുടെ 50 ശതമാനത്തില്‍ നിന്ന് ലഭിച്ച് 493 കോടി രൂപയും പെട്രോളിയം ഉത്പ്പന്ന സെസ്സിന്റെ തുകയായ 613 കോടി രൂപയും അടക്കം 3600 കോടി രൂപയുടെ നിക്ഷേപ ഈട് കിഫ്ബിക്ക് ഉണ്ട്. രാജ്യത്തു നിക്ഷേപ സമാഹരണ മേഖലയില്‍ നിലനില്‍ക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും സാധ്യതകളും മനസിലാക്കി നീങ്ങിയാല്‍ മാത്രമേ നാലുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാമെന്ന് പറഞ്ഞ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാകൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസത്തിലും സാര്‍വത്രിക വികസന മാതൃകയിലും എന്ന പോലെ, അടിസ്ഥാന സൗകര്യ നിക്ഷേപ സമാഹരണത്തിലും കേരളം മുന്നില്‍ നിന്ന് നയിക്കുകയാണെന്ന് സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചെയ്ഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യുടെ മുഴുവന്‍ സമയ അംഗമായ മഹാലിംഗം പറഞ്ഞു. ഇത്തരം നിക്ഷേപ സമാഹരണങ്ങളില്‍ വിപണിക്ക് അനുസൃതമായ ശൈലി രൂപീകരിക്കുകയും സുതാര്യത ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് സെബിയുടെ ചുമതല. കോര്‍പ്പറേറ്റ് ബോണ്ട് മാര്‍ക്കറ്റുകളില്‍ നിന്ന് ഇപ്പോള്‍ ശ്രദ്ധ സമാന്തര നിക്ഷേപ സമാഹരണ ഫണ്ടുകളിലേക്ക് നീങ്ങുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക് അധ്യക്ഷനായിരുന്നു. ധനവുകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ ഡോ. കെ.എം. എബ്രഹാം സ്വാഗതവും കിഫ്ബി ജോയിന്റ് ഫണ്ട് മാനേജര്‍ ആനി ജൂല തോമസ് നന്ദിയും പറഞ്ഞു.