ബലാല്‍സംഗ കേസില്‍ ഗുര്‍മീതിന്റെ ശിക്ഷാ വിധി നാളെ; സുനാരിയ ജില്ലാ ജയില്‍ കനത്ത സുരക്ഷയില്‍

single-img
27 August 2017

ചണ്ഡീഗഢ് : ബലാല്‍സംഗക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ദേരാ സച്ചാ സൗദ തലവനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീം സിംഗിന്റെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗുര്‍മീതിനെ പാര്‍പ്പിച്ചിട്ടുള്ള സുനാരിയ ജില്ലാ ജയിലിനും സമീപത്തുമായി വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

പ്രത്യേക സിബിഐ കോടതി ജഡ്ജി ജസ്റ്റിസ് ജഗ് ദീപ് സിംഗാണ് ശിക്ഷ വിധിക്കുന്നത്. ഗുര്‍മീതിനെ പാര്‍പ്പിച്ചിട്ടുള്ള റോഹ്ത്തക്കിലെ സുനാരിയ ജയിലില്‍ വെച്ചാകും വിധി പ്രസ്താവിക്കുക. ഇതിനായി ജില്ലാ ജയിലിനെ, കോടതിയായി ഹരിയാന ഹൈക്കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുര്‍മീത് കുറ്റക്കാരനാണെന്ന് വിധിച്ചതോടെ ഉണ്ടായ കലാപം കണക്കിലെടുത്താണ് കോടതിയുടെ അസാധാരണ തീരുമാനം.

അക്രമ സംഭവങ്ങളുണ്ടാകാതിരിക്കാന്‍ കനത്ത മുന്‍കരുതലുകളാണെടുക്കുന്നത്. തിങ്കളാഴ്ച റോത്തക്കിലെ ജയിലിലേക്ക് സിബിഐ പ്രത്യേക കോടതി ജഡ്ജിയെ വ്യോമമാര്‍ഗം എത്തിക്കുന്നത് ഉള്‍പ്പെടെ കനത്ത സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടതുണ്ട്.

അതേസമയം ഗുര്‍മീത് റാം റഹിം സിങ്ങിനെതിരെ മാനഭംഗക്കേസില്‍ കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് അനുയായികള്‍ അഴിച്ചുവിട്ട അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 36 ആയി. ഇവരില്‍ 13 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആറു പേര്‍ ഹരിയാനയിലെ സിര്‍സയിലും ബാക്കിയുള്ളവര്‍ പഞ്ച്കുളയിലുമാണ് കൊല്ലപ്പെട്ടതെന്നും ഡിജിപി ബി.എസ്.സന്ധു അറിയിച്ചു. വെടിയേറ്റാണ് മരണത്തിലേറെയും.