ഷാര്‍ജയില്‍ കുറഞ്ഞ വാടകയ്ക്ക് ഫ്‌ളാറ്റ് വാഗ്ദാനം നല്‍കി തട്ടിപ്പ്; ഒരാൾ അറസ്റ്റില്‍

single-img
27 August 2017

ഷാര്‍ജ: കുറഞ്ഞ ചെലവില്‍ സ്റ്റുഡിയോ അപാര്‍ട്‌മെന്റുകള്‍ വാടകയ്ക്ക് നല്‍കാമെന്നു പറഞ്ഞ് നിരവധി പേരില്‍ നിന്നും വന്‍ തുക തട്ടിയെടുത്ത ഏഷ്യക്കാരനായ ഒരാളെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു. ഷാര്‍ജയിലെ നിര്‍മാണത്തിലുള്ള കെട്ടിടങ്ങളില്‍ കുറഞ്ഞ വാടകയ്ക്ക് അപാര്‍ട്‌മെന്റുകള്‍ ലഭ്യമാണെന്ന് പത്രങ്ങളിലും വെബ്‌സൈറ്റുകളിലും വ്യാജ പരസ്യം നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.

പരസ്യം കണ്ട് ഫോണ്‍ വിളിക്കുന്നവരെ കൂട്ടിക്കൊണ്ടുപോയി നിര്‍മാണത്തിലുള്ള കെട്ടിടം കാണിച്ചുകൊടുക്കും. ശേഷം ഷാര്‍ജ വൈദ്യുതിജല അതോറിറ്റി(സേവ)യില്‍ അടക്കുന്നതിനും മറ്റുമായി മുന്‍കൂറായി പണം നല്‍കണമെന്നും പറഞ്ഞ് പലരില്‍ നിന്നും വന്‍ തുകകള്‍ കൈക്കലാക്കി. ഇയാള്‍ വാക്ക് നല്‍കിയ സമയം കഴിഞ്ഞിട്ടും ഫ്‌ളാറ്റിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ബുക്ക് ചെയ്തിരുന്നവര്‍ ഫോണ്‍ വിളിച്ചപ്പോള്‍ സ്വിച്ഡ് ഓഫായിരുന്നു.

തുര്‍ന്ന് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ തട്ടിപ്പിനെ കുറിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. വ്യത്യസ്ത സിംകാര്‍ഡുകള്‍ പ്രതി ഉപയോഗിച്ചിരുന്നുതായും പൊലീസ് കണ്ടെത്തി. കൂടാതെ വ്യാജ വാടക കരാറുകളും ഉണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. പറ്റിക്കപ്പെട്ടവര്‍ പൊലീസിനെ സമീപിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പ് നല്‍കി.