ചെറുതല്ല ഈ പ്രയത്നം; 400 സ്‌കൂള്‍ കുട്ടികളെ രക്ഷിക്കാന്‍ 10 കിലോയുള്ള ബോംബുമായി പോലീസുകാരന്‍ ഓടിയത് ഒരുകിലോമീറ്റര്‍

single-img
27 August 2017

ഭോപ്പാല്‍: 400 സ്‌കൂള്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ 10 കിലോയുള്ള ബോംബ് തോളിലേറ്റി അഭിഷേക് പട്ടേല്‍ എന്ന പോലീസുകാരന്‍ ഓടിയത് ഒരു കിലോമീറ്റര്‍. സ്‌കൂളില്‍നിന്നു കണ്ടെടുത്ത ബോംബ് തോളിലേറ്റി ഓടിപ്പായുന്ന അഭിഷേകിന്റെ 12 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളിലും വൈറലാണ്.

സാഗര്‍ ജില്ലയിലെ ചിത്തോര വില്ലേജിലെ സ്‌കൂളിലാണ് ബോംബ് കണ്ടെത്തിയത്. ആ സമയത്ത് നാനൂറോളം കുട്ടികള്‍ സ്‌കൂളിലുണ്ടായിരുന്നു. ആരോ 100ല്‍ വിളിച്ചറിച്ചതനുസരിച്ചാണ് പോലീസ് എത്തിയത്. പോലീസ് ബോംബ് കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്‌കൂളിന് അധികൃതര്‍ അവധിയും പ്രഖ്യാപിച്ചു. വാര്‍ത്തയറിഞ്ഞ് നിരവധി മാധ്യമപ്രവര്‍ത്തകരും സ്‌കൂളില്‍ എത്തിയിരുന്നു. ഈ ബഹളത്തിനെല്ലാം ഇടയിലാണു ബോംബും തോളിലേറ്റി അഭിഷേക് പട്ടേല്‍ ഓടിയത്.

മാധ്യമപ്രവര്‍ത്തകര്‍ ആരും സംഭവമറിഞ്ഞില്ല. ഒരാള്‍ മാത്രമാണ് ഈ ഓട്ടത്തിന്റെ ദൃശ്യം പകര്‍ത്തിയത്. കുട്ടികളില്‍നിന്ന് ബോംബ് പരമാവധി ദൂരത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓടിയതെന്ന് അഭിഷേക് പിന്നീട് പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഇത്തരത്തില്‍ ഒരു ബോംബ് കണ്ടെത്തിയ സംഘത്തില്‍ അംഗമായിരുന്നു അഭിഷേക്. അന്ന് ആ ബോംബ് പൊട്ടിയിരുന്നെങ്കില്‍ അരക്കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടനമുണ്ടായിരുനേനനെ എന്നായിരുന്നു വിദഗ്ധര്‍ പറഞ്ഞത്. അതുകൊണ്ട് ബോംബ് പൊട്ടിയാലുള്ള ദുരന്തമോര്‍ത്താണ് താന്‍ മറ്റൊന്നുമോര്‍ക്കാതെ ഓടിയതെന്നും അഭിഷേക് പറഞ്ഞു.

സ്‌കൂളിനു സമീപം ഒരു സൈനിക ഷൂട്ടിങ് റേഞ്ചുണ്ട്. എന്നാല്‍ സ്‌കൂളിനു സമീപം ബോംബ് എങ്ങനെ എത്തപ്പെട്ടു എന്നതിനെക്കുറിച്ച് ആര്‍ക്കും ധാരണയില്ല.