ബോണക്കാട് കുരിശ് തകര്‍ത്ത സംഭവം; കുരിശ് പുനഃസഥാപിക്കുന്നതു വരെ സമരം ചെയ്യാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഇടയലേഖനം

single-img
27 August 2017

തിരുവനന്തപുരം: ബോണക്കാട് കുരിശ് പൊളിച്ചു മാറ്റിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ നെയ്യാറ്റിന്‍കര അതിരൂപതയുടെ ഇടയലേഖനം. സഭയുടെ തീര്‍ത്ഥാടനകേന്ദ്രമായ ബോണക്കാട് കുരിശുമല വളരെ ആസൂത്രിതമായി തകര്‍ക്കപ്പെട്ടിരിക്കുന്നു എന്ന തരത്തില്‍ ഔദ്യോഗികമായി അറിയിപ്പ് നല്‍കുന്നതാണ് നെയ്യാറ്റിന്‍കര രൂപതാധ്യക്ഷന്‍ റൈറ്റ് റവ.ഡോ വിന്‍സന്റ് സാമുവലിന്റെ ഇടയ ലേഖനം.

കുരിശ് പൊളിച്ചതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. ഇടപെടേണ്ട സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുന്നത് ആശങ്കാജനകമാണെന്നും ഇടയലേഖനത്തില്‍ പറയുന്നു. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണെന്നും ഈ മാസം 29ന് സെക്രട്ടറിയേറ്റിന് മുന്നില്‍ വൈദികര്‍ ഉപവസിക്കുമെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

“പാപ്പാത്തി ചോലയിലെ കുരിശ് പൊളിച്ചതിന്റെ പശ്ചാത്തലത്തില്‍ ക്രൈസ്തവര്‍ കയ്യേറ്റക്കാരാണ് എന്ന വ്യാജ പരാതികള്‍ ഉന്നയിച്ചു കൊണ്ട് ചിലര്‍ പരസ്യമായി രംഗത്തുവരികയും ചില മാധ്യമങ്ങളെ സ്വാധീനിച്ച് തെറ്റായ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ബോണക്കാട് കുരിശു മലയിലേക്കും നേരെയും സര്‍ക്കാര്‍ നടപടിയുണ്ടായത്. ഇതിനെതിരെ സമരം ചെയ്യാന്‍ സഭ നിര്‍ബന്ധിതമായിരിക്കുകയാണ്. സഭ വനം വകുപ്പ് മന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ഉദ്യോഗസ്ഥര്‍ യോഗം വിളിക്കുമെന്നും അതുവരെ നീക്കം കുരിശു നീക്കം ചെയ്യില്ല എന്നും മന്ത്രി ഉറപ്പ് നല്‍കിയതിനെ മാനിക്കാതെ വനം വകുപ്പുദ്യോഗസ്ഥര്‍ വീണ്ടും നടപടിയുമായി മുന്നോട്ടു പോകുന്ന സ്ഥിതിയാണ് ഉണ്ടായതെന്നും” ലേഖനത്തില്‍ പറയുന്നു.

തിരുവനന്തപുരം ബോണക്കാട് വനഭൂമിയില്‍ സ്ഥാപിച്ചിരുന്ന രണ്ടു കോണ്‍ക്രീറ്റ് കുരിശുകളും അള്‍ത്താരയുമാണ് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് തകര്‍ക്കപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് രാവിലെ ഒമ്പതുമണിയോടെ സംഘടിച്ചെത്തിയ വിശ്വാസികളെ കാണിത്തടം ചെക്‌പോസ്റ്റില്‍ തടഞ്ഞു. തുടര്‍ന്ന് പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും തമ്മില്‍ ണിക്കൂറുകള്‍ നീണ്ട വാക്കേറ്റം ഉണ്ടായിരുന്നു.

പിന്നീട് മുഖ്യമന്ത്രിയെ കണ്ട് സഭാനേതൃത്വം കുരിശും അള്‍ത്താരയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അറുപത് വര്‍ഷമായി നിലനില്‍ക്കുന്ന കുരിശ്മലയിലെ ആരാധനാകര്‍മ്മങ്ങള്‍ക്ക് മുടക്കം വരരുതെന്നും മുഖ്യമന്ത്രിയോട് സഭാ നേതൃത്വം നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇതുവരെ വേണ്ടവിധത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ആരോപിച്ചാണ് സഭയുടെ ഇടയലേഖനം.