ബെവ്‌കോ ജീവനക്കാരുടെ ബോണസും കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ധനമന്ത്രിയുടെ കത്ത്

single-img
27 August 2017

തിരുവനന്തപുരം: ബീവറേജസ് കോര്‍പ്പറേഷനിലെ വലിയ തോതിലുള്ള ബോണസിന്റെ ധനപരമായ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്നും ബോണസിന് പരിധി നിശ്ചയിക്കണമെന്നും കാണിച്ച് ധനമന്ത്രി തോമസ് ഐസക്, മുഖ്യമന്ത്രി പിണറായി വിജയനു കത്തുനല്‍കി.

ബീവറേജസില്‍ 85,000 രൂപ ബോണസായി കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെയാണ് ധനവകുപ്പ് രംഗത്ത് വന്നിരിക്കുന്നത്. ഒരു ലക്ഷം രൂപയുണ്ടായിരുന്ന കെ.എസ്.എഫ്.ഇ യിലെ ഇന്‍സെന്റീവ് 75,000 രൂപയാക്കി കുറച്ച് പരിധി നിശ്ചയിച്ച രീതിയില്‍ ബീവറേജസിലെ ബോണസ് പരിധിയും നിശ്ചയിക്കണമെന്നാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.

ശമ്പളത്തിന്റെ രണ്ടുമടങ്ങിലേറെ തുകയാണ് ഇത്തവണ ബെവ്‌കോയില്‍ മിക്ക ജീവനക്കാര്‍ക്കും ലഭിച്ചത്. 85,000 രൂപവരെ ബോണസ് നല്‍കിയതു പൊതുസമൂഹത്തില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തു. 19.25 ശതമാനം എക്‌സ്‌ഗ്രേഷ്യയും 10.25 ശതമാനം പെര്‍ഫോമന്‍സ് അലവന്‍സും ചേര്‍ത്ത് 29.50 ശതമാനം ബോണസാണ് ഇത്തവണ കിട്ടിയത്. സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനത്തില്‍ ഇത്ര ഉയര്‍ന്ന ബോണസ് നല്‍കുന്നതിലുള്ള വിയോജിപ്പാണ് ധനവകുപ്പ് ഇപ്പോള്‍ പ്രകടമാക്കിയിരിക്കുന്നത്.

തങ്ങളുടെ ബോണസിനെ കുറ്റപ്പെടുത്തുന്നവരോട് കെഎസ്എഫ്ഇയിലെ വന്‍ ഇന്‍സന്റീവ് ചൂണ്ടിക്കാണിച്ചാണ് ബെവ്‌കോ ജീവനക്കാര്‍ പ്രതിരോധിച്ചിരുന്നത്. അതിനാല്‍ തന്നെ കെഎസ്എഫ്ഇ ജീവനക്കാരുടെ ഇന്‍സന്റീവിനു മേലാണ് ധനവകുപ്പ് ആദ്യം കത്രികവച്ചത്. ഒരു ലക്ഷം രൂപയും ഒന്നേകാല്‍ ലക്ഷം രൂപയുമൊക്കെയായിരുന്നു കെഎസ്എഫ്ഇയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു മുന്‍ വര്‍ഷങ്ങളില്‍ ഓണക്കാലത്ത് ഇന്‍സെന്റീവായി ലഭിച്ചിരുന്നത്. എന്നാല്‍ ഒന്‍പതു ശതമാനമുണ്ടായിരുന്ന ഇന്‍സന്റീവ് ഇത്തവണ ഏഴേമുക്കാല്‍ ശതമാനമായി ധനവകുപ്പ് വെട്ടിക്കുറച്ചു.

എന്നാല്‍ തീരുമാനം മുഖ്യമന്ത്രി അംഗീകരിച്ച് ബോണസ് കുറച്ചാല്‍ ജീവനക്കാരില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരാനും സാധ്യതയുണ്ട്. സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കി കൊടുക്കുന്ന സ്ഥാപനം എന്ന നിലയിലും കൂടുതല്‍ ജോലിയെടുക്കുന്നത് കൊണ്ടും അതിനനുസരിച്ച ബോണസ് നല്‍കണമെന്ന ആവശ്യത്തെ തുടര്‍ന്നായിരുന്നു ബീവറേജസിലെ ബോണസ് പുതുക്കല്‍. അതുകൊണ്ട് തന്നെ ഉത്തരവ് നടപ്പിലാക്കിയാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.