ദിനകരന്‍ പക്ഷത്തേക്ക് രണ്ട് എംഎല്‍എമാര്‍ കൂടി; പളനിസ്വാമിയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തു

single-img
27 August 2017

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ എഐഎഡിഎംകെ പാര്‍ട്ടിയുടെ സേലം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്‍ നീക്കി. എടപ്പാടി പളനിസ്വാമി പനീര്‍ശെല്‍വം ലയനത്തോടെ നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ടിടിവി ദിനകരന്‍. ചെന്നൈയില്‍ നിന്നും പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് എടപ്പാടി പളനിസ്വാമിയെ പാര്‍ട്ടി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി അറിയിച്ചിരിക്കുന്നത്.

നിലവില്‍ പാര്‍ട്ടി ഹെഡ്ക്വാട്ടേഴ്‌സ് സെക്രട്ടറി കൂടിയാണ് പളനിസ്വാമിയെങ്കിലും ഇക്കാര്യത്തെപ്പറ്റി വ്യക്തമായ സൂചനയില്ല. മുന്‍ എംഎല്‍എ എസ്‌കെ ശെല്‍വത്തിനെയാണ് ഈ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. ശശികലയുടെ അറിവോട് കൂടിയാണ് ഇതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ശെല്‍വവുമായി സഹകരിക്കണമെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം രണ്ട് എംഎല്‍എമ്മാര്‍ കൂടി പക്ഷം ചേര്‍ന്നതോടെ ദിനകരന്‍ പാളയത്തില്‍ ഇപ്പോള്‍ 21 എംഎല്‍എമ്മാരുണ്ട്. അരന്താങ്കി എംഎല്‍എ രതിന സബപതി, വിരുദാചലം എംഎല്‍എ കലൈസെല്‍വന്‍ എന്നിവരാണ് ഇന്നലെ പിന്തുണ പ്രഖ്യാപിച്ചത്. 19 എംഎല്‍എമ്മാരുടെ സംഘമായിരുന്നു ദിനകരനൊപ്പം ഗവര്‍ണറെ കണ്ട് പളനിസ്വാമിക്കുള്ള പിന്തുണ പിന്‍വലിക്കുന്നതായി അറിയിച്ചിരുന്നത്.

ഇവരെ താമസിപ്പിച്ചിരുന്ന റിസേര്‍ട്ടിലേക്ക് ദേശീയ അന്വേഷണ സംഘം എത്തിയതിന് പിന്നാലെ പുതിയ റിസോര്‍ട്ടിലേക്ക് സംഘത്തെ മാറ്റിയതായാണ് വിവരം. ഇതിനിടെ ജയലളിതയുടെ മരണത്തിന് ശേഷം മുഖ്യമന്ത്രിയാകാനുള്ള എല്ലാ അവസരവും തനിക്കുണ്ടായിരുന്നതായും ദിനകരന്‍ പറഞ്ഞതായാണ് വിവരം. പക്ഷെ താന്‍ അത് ആഗ്രഹിച്ചിരുന്നില്ല. ശശികല തെരഞ്ഞെടുത്തത് പനീര്‍ശെല്‍വത്തിന്റെ ഭരണം തുടരട്ടെ എന്നായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായതിന് ശേഷം ശശികലയ്ക്കും മുഖ്യമന്ത്രിയാകാമായിരുന്നു. പക്ഷെ അതിനും ശ്രമിച്ചില്ല.സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായാണ് പളനിസ്വാമിയും പനീര്‍ശെല്‍വവും ഒന്നിച്ചിരിക്കുന്നത് എന്നും ദിനകരന്‍ പറഞ്ഞു.