ശരദ് യാദവിന് താക്കീതുമായി ജെഡിയു: ആര്‍ജെഡി റാലിയില്‍ പങ്കെടുത്താല്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കും

single-img
26 August 2017

പട്‌ന: പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ശരദ് യാദവിന് താക്കീതുമായി ജെഡിയു. തുടര്‍ച്ചയായി അച്ചടക്ക ലംഘനം നടത്തുന്ന ശരദ് യാദവ് നാളെ പട്‌നയില്‍ നടക്കുന്ന ആര്‍ജെഡി റാലിയില്‍ പങ്കെടുത്താല്‍ പുറത്താക്കുമെന്നാണ് ജെഡിയുവിന്റെ മുന്നറിയിപ്പ്. റാലിയില്‍ പങ്കെടുത്താല്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്നു വ്യക്തമാക്കി ജനറല്‍ സെക്രട്ടറി കെ.സി. ത്യാഗിയാണ് ശരദ് യാദവിനു കത്തയച്ചിരിക്കുന്നത്.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു വിശാല സഖ്യം ഉപേക്ഷിച്ച് ബിജെപിക്കൊപ്പം പോയതിനെ തുടര്‍ന്ന് പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുകയാണ് ജെഡിയു മുന്‍ അധ്യക്ഷന്‍ ശരദ് യാദവ്. നിതീഷ് കുമാറിനെ എതിര്‍ത്ത മറ്റുള്ളവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയപ്പോള്‍ ശരദ് യാദവിനെ രാജ്യസഭാ നേതൃസ്ഥാനത്തു നിന്നുമാറ്റുകയാണ് ചെയ്തത്.

നിതീഷിനോടിടഞ്ഞ ശരദ് യാദവ് പാര്‍ട്ടിയുടെ എക്‌സിക്ക്യൂട്ടീവ് കമ്മിറ്റിയില്‍ പങ്കെടുക്കാതെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിക്കുകയും ചെയ്തു. ഇതിനുപുറമെയാണ് ആര്‍ജെഡി നാളെനടത്തുന്ന റാലിയില്‍ താന്‍ പങ്കെടുക്കുമെന്നും വ്യക്തമാക്കിയത്.

മാത്രമല്ല പാര്‍ട്ടിയില്‍നിന്നു ശരദ് യാദവിനെ സ്വയം പുറത്തുചാടിക്കാനുള്ള സമ്മര്‍ദ്ദവും ഇവര്‍ നടത്തുന്നുണ്ട്. അങ്ങനെയെങ്കില്‍ ശരദ് യാദവിന്റെ രാജ്യസഭാഗത്വം അസാധുവാകും. അതേസമയം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു ചിഹ്നം സ്വന്തമാക്കാന്‍ തിരഞ്ഞെടുപ്പുകമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണു വിമത പക്ഷം. നിതീഷ് കുമാറിനു ഭൂരിപക്ഷം ഇല്ലെന്നും 14 സംസ്ഥാന കമ്മിറ്റികളുടെ പിന്തുണയുണ്ടെന്നുമാണു വിമതപക്ഷത്തിന്റെ അവകാശവാദം.