ഖത്തറിന്റെ പുതിയ തീരുമാനം ഗള്‍ഫ് പ്രതിസന്ധി കൂടുതല്‍ വഷളാക്കുന്നു

single-img
26 August 2017

ഇറാനുമായി പൂര്‍ണ നയതന്ത്ര ബന്ധം പുന:സ്ഥാപിക്കാനുള്ള ഖത്തര്‍ തീരുമാനം രണ്ടര മാസത്തിലേറെയായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധി കൂടുതല്‍ വഷളാക്കി. ഖത്തറിന്റെ തീരുമാനത്തിനെതിരെ സൗദി അനുകൂല രാജ്യങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

മധ്യസ്ഥ നീക്കങ്ങളുടെ തുടര്‍ച്ചായി അടുത്ത മാസം ആദ്യവാരം കുവെത്ത് അമീര്‍ വൈറ്റ് ഹൗസില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്താനിരിക്കെയാണ് ഖത്തറും സൗദി അനുകൂല രാജ്യങ്ങളുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കുന്നത്.

ഇറാനുമായി പൂര്‍ണ നയതന്ത്ര ബന്ധം പുന:സ്ഥാപിക്കുന്നതായുള്ള ഖത്തര്‍ പ്രഖ്യാപനത്തിനെതിരെ ബഹ്‌റൈനാണ് ആദ്യം രംഗത്തു വന്നത്. ഒറ്റപ്പെട്ട ഖത്തറിന്റെ പരിഭ്രാന്തിയാണ് ഇതില്‍ തെളിയുന്നതെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാശ് പ്രതികരിച്ചിരുന്നു. ഖത്തറിന്റെ ന്യായീകരണം ആര്‍ക്കും ഉള്‍ക്കൊള്ളാവുന്ന ഒന്നല്ലെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

ജൂണ്‍ അഞ്ച് മുതല്‍ ഉപരോധസമാനമായ സാഹചര്യം തുടരുന്ന ഖത്തര്‍ സൗദി അനുകൂല രാജ്യങ്ങളുമായുള്ള മധ്യസ്ഥ ചര്‍ച്ചയില്‍ കാര്യമില്ല എന്ന വിലയിരുത്തലിലാണ് എത്തിയിരിക്കുന്നത്. ഖത്തറില്‍ നിന്നുള്ള ഹാജിമാരെ കൊണ്ടു വരാന്‍ അതിര്‍ത്തി തുറക്കാനും വിമാനങ്ങള്‍ ദോഹയിലേക്ക് അയക്കാനും സൗദി സന്നദ്ധത അറിയിച്ചിരുന്നു.

എന്നാല്‍ ഖത്തര്‍ എയര്‍വേസിന് തീര്‍ഥാടകരെ കൊണ്ടു പോകാന്‍ അനുമതി നിഷേധിച്ചിരിക്കെ, ഉപാധികളുടെ പുറത്ത് ഹജ്ജിന് പോകേണ്ടതില്ലെന്നാണ് ഖത്തര്‍ തീരുമാനം. ഇറാനുമായി കൂടുതല്‍ കൈകോര്‍ക്കാനുള്ള ഖത്തര്‍ തീരുമാനം കൂടി വന്നതോടെ ഈ അകല്‍ച്ച വര്‍ധിക്കുകയും ചെയ്തു.

നേരത്തെ സൗദി അറേബ്യയുടെ നയതന്ത്ര കേന്ദ്രത്തിനു നേരെ നടന്ന ആക്രമണം ചൂണ്ടിക്കാട്ടി ഖത്തര്‍ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ തെഹ്‌റാനില്‍ നിന്ന് തങ്ങളുടെ സ്ഥാനപതിയെ തിരിച്ചു വിളിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഇറാനുമായി പൂര്‍ണ നയതന്ത്ര ബന്ധം പുന:സ്ഥാപിക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്.