പുല്‍വാമയില്‍ തീവ്രവാദി ആക്രമണം; മൂന്ന് സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു

single-img
26 August 2017

ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പൊലീസ് ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് കടക്കാന്‍ ഭീകരര്‍ നടത്തിയ ശ്രമം തടയുന്നതിനിടെയാണ് മൂന്ന് സുരക്ഷാസേനാംഗങ്ങള്‍ കൊല്ലപ്പെട്ടത്. രണ്ട് സിആര്‍പിഎഫ് ജവാന്മാരും ഒരു പൊലീസുകാരനുമാണ് കൊല്ലപ്പെട്ടത്.

ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പുലര്‍ച്ചെ നാലരയോടെയാണ് ഭീകരര്‍ കെട്ടിടത്തിനുള്ളില്‍ കടന്നത്. സൈന്യത്തിന് നേര്‍ക്ക് ഭീകരര്‍ വെടിവയ്പ്പും ഗ്രാനേഡ് ആക്രമണവും നടത്തുകയായിരുന്നു. ഭീകരരെ തുരത്താന്‍ സുരക്ഷാസൈന്യവും പൊലീസും ശ്രമം തുടരുകയാണ്.

ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടവും പരിസരവും സൈന്യം വളഞ്ഞിട്ടുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഇതിനിടെ ഭീകരരെ തുരത്താന്‍ പ്രദേശത്ത് വിന്യസിക്കപ്പെട്ട ജമ്മു കശ്മീര്‍ പൊലിസിനും സിആര്‍പിഎഫ് ജവാന്മാര്‍ക്കും നേര്‍ക്ക് പ്രദേശവാസികള്‍ ശക്തമായ കല്ലേറ് നടത്തി.

വെള്ളിയാഴ്ച, അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റിനു നേര്‍ക്കു പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് പുല്‍വാമയില്‍ ഏറ്റമുട്ടല്‍ നടക്കുന്നത്. ജമ്മുവിലെ ആര്‍എസ് പുര സെക്ടറില്‍ ഉണ്ടായ പാക് ആക്രമണത്തിനിടെ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റിരുന്നു.