‘ജയിലിലെ രാത്രികള്‍ മറ്റേത് രാത്രികളേക്കാളും ദൈര്‍ഘ്യമേറിയത്’: ആരും ജയിലില്‍ പോകാതിരിക്കട്ടേയെന്ന് വിന്‍സെന്റ്

single-img
26 August 2017

പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പിന്തുണയാണ് തന്റെ കരുത്തെന്ന് കോവളം എംഎല്‍എ എം. വിന്‍സെന്റ്. താഴ്ന്ന നിലയില്‍ നിന്നും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിവന്നയാളാണ് താന്‍. ആരും സ്‌പോണ്‍സര്‍ ചെയ്ത് വന്നയാളല്ല രാഷ്ട്രീയത്തില്‍. ഒരു സ്ത്രീയുടെയും അന്തസ് ഇടിച്ചുതാഴ്ത്തുന്ന രീതിയില്‍ താന്‍ സംസാരിച്ചിട്ടില്ല. തനിക്കെതിരെയുളള പീഡനക്കേസ് ഒരു ട്രാപ്പായിരുന്നുവെന്നും എം. വിന്‍സെന്റ ഒരു വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

34 ദിവസത്തെ ജയില്‍വാസത്തിനിടയ്ക്ക് ആയിരക്കണക്കിന് ആളുകളാണ് തന്നെ കാണാനായി ജയിലില്‍ എത്തിയത്. രാഷ്ട്രീയക്കാര്‍, പുരോഹിതന്മാര്‍, സാംസ്‌കാരിക രംഗത്തെ ആളുകള്‍, സിനിമാ താരങ്ങള്‍ എന്നിങ്ങനെ നിരവധി പേരാണ് ജയിലില്‍ കാണാനെത്തിയത്. ജയിലില്‍ നിന്നും ഇറങ്ങിയശേഷം നല്ല ജനപിന്തുണയുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ലഭിക്കുന്ന സ്വീകരണമാണ് ഇപ്പോള്‍ പലയിടങ്ങളില്‍ നിന്നും ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോവളം കൊട്ടാരത്തിന്റെ കൈമാറ്റം നടക്കുന്ന സമയത്ത് പ്രാദേശിക എംഎല്‍എ അവിടെ ഉണ്ടാകരുതെന്ന് സിപിഎം പ്രാദേശിക, ജില്ലാ നേതൃത്വത്തിന് ആഗ്രഹമുണ്ടായിരുന്നുവെന്നും അതാണ് അറസ്റ്റില്‍ കലാശിച്ചതെന്നും വിന്‍സെന്റ് പറയുന്നു. അറസ്റ്റിനുശേഷമാണ് പല തെളിവുകളും പൊലീസ് ഉണ്ടാക്കുവാന്‍ ശ്രമിച്ചത്. താന്‍ കൊടുത്ത പരാതിയുടെ പേരില്‍ ഇതുവരെ പൊലീസ് മൊഴിയെടുത്തിട്ടില്ല.

പരാതിക്കാരിയായ സ്ത്രീയുമായി ഫോണില്‍ സംസാരിച്ചിരുന്നു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് 900 കോളുകള്‍ തന്റെ മൊബൈലില്‍ നിന്നും പോയെന്നാണ്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് 124 കോളുകളാണ് അവരെ താന്‍ വിളിച്ചിട്ടുളളതെന്നും അതിന്റെ ഡീറ്റെയില്‍സ് മാധ്യമങ്ങള്‍ക്ക് നല്‍കിയതാണെന്നും വിന്‍സെന്റ് വ്യക്തമാക്കി. ഇന്നുവരെ അവര്‍ എന്നെ എത്ര കോളുകള്‍ വിളിച്ചിട്ടുണ്ടെന്ന് പൊലീസും മാധ്യമങ്ങളും അന്വേഷിച്ചിട്ടില്ല. മാധ്യമങ്ങള്‍ അടക്കം എല്ലാവരും തന്നെ വേട്ടയാടുകയായിരുന്നു. കേസിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

ജോസ് തെറ്റയിലിനെതിരായ ആരോപണം ഉണ്ടായപ്പോള്‍ അദ്ദേഹം ഒളിവില്‍ പോവുകയാണുണ്ടായത്. എകെ ശശീന്ദ്രനെതിരായ ആരോപണത്തില്‍ അദ്ദേഹത്തിന് ജുഡീഷ്യല്‍ അന്വേഷണത്തിന്റെ സംരക്ഷണം ലഭിച്ചു. എന്നാല്‍ തനിക്കെതിരായ ആരോപണത്തില്‍ എന്ത് പോലീസ് നടപടിക്കും വിധേയമാകാം എന്ന നിലപാടാണ് തുടക്കം മുതല്‍ സ്വീകരിച്ചിരുന്നത്. ഈ കേസില്‍ എന്നെ അറസ്റ്റ് ചെയ്യാന്‍ പോലീസ് കാണിച്ച വൃഗ്രത ഇതിന് മുമ്പ് ഒരുകേസിലും ഉണ്ടായിട്ടില്ലെന്നും’ അദ്ദേഹം പറഞ്ഞു.