അജിത്തിനെ പോലുള്ള വൃദ്ധര്‍ക്ക് ബോളിവുഡില്‍ അച്ഛന്‍ വേഷമേ ലഭിക്കൂ: വിമര്‍ശനവുമായി കെആര്‍കെ വീണ്ടും

single-img
26 August 2017

പ്രശസ്തരായ വ്യക്തികള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തി ചുളുവില്‍ പബ്ലിസിറ്റി നേടുക എന്നതാണ് ബോളിവുഡ് നടനും നിരൂപകനുമായ കെആര്‍കെയുടെ രീതി. മോഹന്‍ലാലിനെ ഛോട്ടാഭീമെന്ന് വിമര്‍ശിച്ച് മലയാളികളുടെ പൊങ്കാലകള്‍ ഏറ്റുവാങ്ങിയ കമാല്‍ ആര്‍.ഖാന്‍ ഇത്തവണ തമിഴിന്റെ തല അജിത്തിനെതിരെയാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

‘അജിത്തിനെ പോലുള്ളവരെ തമിഴ് നാട്ടുകാര്‍ നായകനാക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും ബോളിവുഡിലാണെങ്കില്‍ അജിത്തിനെ പോലുള്ള വൃദ്ധര്‍ക്ക് അച്ഛന്‍ വേഷമേ ലഭിക്കുകയുള്ളുവെന്നും’ കെആര്‍കെ ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റിനെതിരെ തല ആരാധകര്‍ തന്നെ മറുപടിയുമായി രംഗത്തെത്തി. നിങ്ങള്‍ തമിഴ്‌നാട്ടിലാകാത്തതിന് ദൈവത്തിന് നന്ദി പറയുന്നുവെന്നും അല്ലെങ്കില്‍ തല ആരാധകര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടി വരുമായിരുന്നുവെന്നാണ് ഒരാളുടെ കമന്റ്.

വായില്‍ തോന്നിയ എന്തു മണ്ടത്തരവും അതുപോലെ വിളിച്ചുപറയുന്ന കെആര്‍കെയ്ക്ക് മോഹന്‍ ലാലിനെ ഛോട്ടാ ഭീമെന്നും മമ്മൂട്ടിയെ സി ക്ലാസ് നടനെന്നും വിളിച്ചതിന് മലയാളികളുടെ പൊങ്കാല ഏറ്റുവാങ്ങാനായിരുന്നു വിധി. മോഹന്‍ലാലിനെതിരായ വിവാദ ട്വീറ്റിന് താരം മാപ്പ് പറയുകയും ചെയ്തിരുന്നു. വിദ്യാ ബാലന്‍, പരിണീതി ചോപ്ര, സൊണാക്ഷി സിന്‍ഹ, സണ്ണി ലിയോണ്‍, പ്രിയങ്ക ചോപ്ര എന്നിങ്ങനെ നീണ്ടു പോകുന്നു കെആര്‍കെ വിമര്‍ശിച്ചവരുടെ പട്ടിക.