കൊല്ലം തീരത്ത് മത്സ്യത്തൊഴിലാളികളുടെ വള്ളത്തില്‍ കപ്പലിടിച്ചു

single-img
26 August 2017

കൊല്ലം തീരത്ത് മത്സ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ചു. കൊല്ലം തീരത്തുനിന്നും 39 നോട്ടിക്കല്‍ മൈല്‍ അകലെ രാജ്യാന്തര കപ്പല്‍ ചാലിലാണ് അപകടമുണ്ടായത്. കൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ വേളാങ്കണ്ണി എന്ന മത്സ്യബന്ധന ബോട്ടാണ് കപ്പല്‍ ഇടിച്ച് തകര്‍ന്നത്.

ഉച്ചയ്ക്ക് 12.30നാണ് അപകടമുണ്ടായത്. ആറു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന മറ്റു വള്ളത്തിലുള്ളവരാണ് ഇവരെ രക്ഷപ്പെടുത്തിയത്. ചൂണ്ടയിട്ട് മത്സ്യംപിടിക്കുന്ന ബോട്ടായിരുന്നു വേളാങ്കണ്ണി.

അപകടമുണ്ടായ സമയത്ത് കദാലിയ എന്ന ചരക്ക് കപ്പലാണ് കപ്പല്‍ചാലിലൂടെ കടന്നുപോയിരിക്കുന്നത്. ഈ കപ്പലാകും ബോട്ടില്‍ ഇടിച്ചതെന്നാണ് വിവരം. കപ്പല്‍ നിര്‍ത്താതെ പോയി. അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

അപകടത്തില്‍പ്പെട്ട് കടലില്‍ മുങ്ങിക്കിടക്കുന്ന നിലയില്‍ ബോട്ട് കണ്ട മറ്റ് ബോട്ടിലെ മത്സ്യതൊഴിലാളികള്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് അപകടവിവരം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയുടെ സഹായം തേടുകയായിരുന്നു.

ജൂണ്‍ മാസത്തില്‍ കൊച്ചി തീരത്ത് നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ടും സമാനമായ രീതിയില്‍ അപകടത്തില്‍പ്പെട്ടിരുന്നു. ആ അപകടത്തില്‍ രണ്ടു മത്സ്യതൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തിരുന്നു. അപകടത്തില്‍ മത്സ്യബന്ധനബോട്ടിലെ 11 തൊഴിലാളികള്‍ക്കാണ് പരുക്കേറ്റത്.