ഹരിയാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി: ‘കലാപം അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു’

single-img
26 August 2017

ചണ്ഡീഗഢ്: ബലാല്‍സംഗ കേസില്‍ ഗുര്‍മീത് റാം റഹിം സിംഗ് കുറ്റക്കാരനെന്ന് കോടതി വിധിച്ചതിനെ തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട ഹരിയാന സര്‍ക്കാരിന് പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

രാഷ്ട്രീയ ലാഭത്തിനായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അക്രമത്തിന് കൂട്ടുനിന്നെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് എങ്ങനെയാണ് കാര്യങ്ങള്‍ ബോധ്യമല്ലാതിരിക്കുന്നത്. സര്‍ക്കാരും അക്രമികള്‍ക്ക് കീഴടങ്ങിയോ എന്നും കോടതി ചോദിച്ചു. കലാപം അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോടതി വിലയിരുത്തി.

അത്യന്തം ഗൗരവമേറിയ വിമര്‍ശനമാണ് സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും എതിരെ കോടതിയില്‍ നിന്നുണ്ടായത്. ഖട്ടാറിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമായിരിക്കെ കോടതി വിമര്‍ശനം ബിജെപി നേതൃത്വത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അതേസമയം, മണിക്കൂറുകള്‍ നീണ്ട അക്രമം നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. അക്രമം ഉണ്ടാകുന്നത് തടയുന്നതിന് ദേരാ ആശ്രമത്തിന്റെ നിയന്ത്രണം സൈനികര്‍ ഏറ്റെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം ഗുര്‍മീതിന്റെ അനുയായികളെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രി ഖട്ടാറിന്റെ പ്രസ്താവന പുറത്തുവന്നിരുന്നു. ഗുര്‍മീത് അനുയായികള്‍ക്കിടയില്‍ നുഴഞ്ഞുകയറിയ അക്രമികളാണ് കലാപം അഴിച്ചുവിട്ടതെന്നായിരുന്നു ഖട്ടാറിന്റെ പ്രതികരണം.

കലാപം അടിച്ചമര്‍ത്തുന്നതില്‍ വീഴ്ച സംഭവിച്ചതായും ഖട്ടാര്‍ അഭിപ്രായപ്പെട്ടിരുന്നു. അക്രമികളെ നേരിടുമെന്നും ഖട്ടാര്‍ പറഞ്ഞു. അതിനിടെ സംഘര്‍ഷം അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ട ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെ ബിജെപി കേന്ദ്രനേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.