ഹരിയാന മുഖ്യമന്ത്രിയുടെ രാജിക്കായി സമ്മര്‍ദ്ദം: കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി

single-img
26 August 2017

ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെതിരായ കോടതി വിധിയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ അഴിച്ചുവിട്ട കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. 350 ഓളം പേര്‍ക്ക് പരുക്കേറ്റു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന് നടക്കും.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ ഔദ്യോഗിക വസതിയിലാണ് ഉന്നതതല യോഗം ചേരുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹിര്‍ഷി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് തുടങ്ങിയവര്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാനും, വേണ്ട സുരക്ഷാ മുന്‍കരുതലുകളെടുക്കാനും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി.

അതേസമയം കോടതിവിധിക്ക് പിന്നാലെ വലിയ അക്രമം ഉണ്ടാകുമെന്ന് നേരത്തെ വ്യക്തമായിട്ടും അത് നേരിടുന്നതില്‍ ഹരിയാന സര്‍ക്കാര്‍ പരാജയപ്പെട്ടത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. അക്രമം തടയാനാകാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ടികള്‍ ശക്തമാക്കുകയാണ്.

ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിംഗിനെതിനോട് ഖട്ടാര്‍ സര്‍ക്കാറിനുള്ള മൃദുസമീനമാണ് ഇത്രയും വലിയ കലാപത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന വിമര്‍ശനവും ശക്തമാകുന്നു. ഇപ്പോഴത്തെ അക്രമം തടയുന്നതില്‍ മാത്രമല്ല, ജാട്ട് പ്രക്ഷോഭത്തിലും ഇതേ പരാജയം ഖട്ടാര്‍ നേരിട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഹരിയാനയിലെ മാറ്റം പുതിയ സാഹചര്യത്തില്‍ ബി.ജെ.പിയിലും ചര്‍ച്ചയായേക്കും.

ഇതിനിടെ ഗുര്‍മീതിനെ ന്യായീകരിച്ച് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് രംഗത്തെത്തി. ഹരിയാനയിലെയും ചണ്ഡിഗഡിലെയും അക്രമങ്ങളെ പ്രധാനമന്ത്രി അപലപിച്ചു. സംഭവം ഞെട്ടിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അക്രമം നിയന്ത്രിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനോടും ആഭ്യന്തര മന്ത്രിയോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

അതിനിടെ കോടതി വിധിയെ തുടര്‍ന്നുള്ള കലാപം ദില്ലിയിലേക്കും വ്യാപിച്ചു. ഇതേത്തുടര്‍ന്ന് ദില്ലിയിലെ 11 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദില്ലിയില്‍ ബസിന് തീവെയ്ക്കാന്‍ ശ്രമിച്ച അഞ്ചോളം ഗുര്‍മീത് അനുയായികളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഏതു സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് അഗ്‌നിശമനസേനാ അധികൃതരും വ്യക്തമാക്കി. പഞ്ചാബിലെ 10 ജില്ലകളിലും, ഹരിയാനയിലെ മൂന്ന് നഗരങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷങ്ങളെ നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും എടുത്തിട്ടുണ്ടെന്നും, എന്നാല്‍ ജനക്കൂട്ടം വളരെ വലുതാണെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.