പ്രമുഖ മലയാള നടന് വാഗ്ദാനം ചെയ്തത് കോടികള്‍; വയനാട്ടില്‍ 40 ഏക്കര്‍ ഭൂമി: ഗുര്‍മീതിന് കേരളത്തിലും വേരുകള്‍

single-img
26 August 2017

കൊച്ചി: പീഡനക്കേസില്‍ കുറ്റക്കാരനെന്നു സിബിഐ പ്രത്യേക കോടതി കണ്ടെത്തിയ ഗുര്‍മീത് റാം റഹിം സിങിന് കേരളത്തിലും വേരുകളുള്ളതായി റിപ്പോര്‍ട്ട്. 2015ല്‍ ആറായിരം കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് കേരളത്തില്‍ നീക്കം നടത്തിയതായി രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലയാളത്തില്‍ ഒരു ‘സ്പിരിച്വല്‍ മ്യൂസിക്’ സ്വകാര്യ ചാനല്‍ തുടങ്ങാനും അദ്ദേഹം പദ്ധതിയിട്ടതായാണ് വിവരം.

ഗുര്‍മീതിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ ഒരു മലയാള നടന് വന്‍തുക വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. നടന്‍ അനുയായിയായാല്‍ കേരളത്തില്‍ ഒട്ടേറെ പേരെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാമെന്നായിരുന്നു ഗുര്‍മീതിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ നടന്‍ വിസമ്മതിച്ചതോടെ പദ്ധതി പാളുകയായിരുന്നു.

ഉത്തേരന്ത്യയില്‍ മാത്രമല്ല കേരളത്തിലും ഏറെ ഭക്തരുള്ള ഈ ആള്‍ദൈവം പല തവണ കേരളം സന്ദര്‍ശിച്ചിട്ടുമുണ്ട്. അപ്പോഴൊക്കെ ഇസഡ് പ്ലസ് കാറ്റഗറിയില്‍ വന്‍ സുരക്ഷയായിരുന്നു ഹരിയാന സര്‍ക്കാര്‍ അദ്ദേഹത്തിനായി ഒരുക്കിയത്.

മൂന്നുവര്‍ഷം മുന്‍പ് ഹരിയാന പൊലീസ് സേനയുടെ വലയത്തില്‍ അദ്ദേഹം നടത്തിയ കേരള സന്ദര്‍ശനം വിവാദമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്ന കേരളത്തിന്റെ ചോദ്യത്തിനു ഹരിയാന പൊലീസ് മറുപടി നല്‍കിയില്ല. ഇതേക്കുറിച്ചു കേരള സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരവകുപ്പിനു കത്തയച്ചിരുന്നു. സ്വകാര്യ ബിസിനസ് താല്‍പര്യങ്ങള്‍ക്കു വേണ്ടി സന്ദര്‍ശനം നടത്തുന്നവര്‍ക്കു സുരക്ഷ ഒരുക്കാന്‍ സംസ്ഥാന പൊലീസിനെ നിയോഗിക്കാന്‍ കഴിയില്ലെന്നു കേന്ദ്രത്തെയും കേരള സര്‍ക്കാര്‍ അറിയിച്ചു.

ഇതര സംസ്ഥാന സേനകളുടെയോ സ്വകാര്യ സുരക്ഷാ ഏജന്‍സികളുടെയോ വലയത്തില്‍ കേരളം സന്ദര്‍ശിച്ചാല്‍ ഗുര്‍മീത് സിങ്ങിനൊപ്പമുള്ളവരുടെ മുഴുവന്‍ വിവരങ്ങളും കേരളത്തിനു മുന്‍കൂട്ടി നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. കൊച്ചിയില്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ‘മ്യൂസിക് ഷോ’ നടത്താനും ഗുര്‍മീതിനു പദ്ധതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ മലയാളികള്‍ അസഭ്യവര്‍ഷം നടത്തിയതോടെ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

ഇടുക്കിയിലും വയനാട്ടിലുമായിരുന്നു ഇദ്ദേഹത്തിന്റെ കൂടുതുല്‍ സന്ദര്‍ശനങ്ങളും. ഇടുക്കിയിലെ വാഗമണില്‍ ആശ്രമം തുടങ്ങാനും ഗുര്‍മീത് പദ്ധതിയിട്ടിരുന്നു. ഇതിനായി പല സ്ഥലങ്ങളും കാണുകയും ചെയ്തു. ആദ്യവട്ടം വാഗമണിലെത്തിയ ഗുര്‍മീത് ഒരാഴ്ചയ്ക്കുശേഷം മടങ്ങി. ഒരു മാസത്തിനുശേഷം സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുപേരടങ്ങുന്ന സംഘവുമായി രണ്ടാംവട്ടവും വാഗമണിലെത്തി. ഈ വരവില്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ഇവരില്‍നിന്ന് എട്ടുകോടി രൂപയോളം പിടിച്ചെടുത്തതു വിവാദമായിരുന്നു.

വയനാട്ടില്‍ ഇദ്ദേഹത്തിന് 40 ഏക്കര്‍ ഭൂമിയും ഉണ്ട്. രണ്ടു തവണത്തെ സന്ദര്‍ശനത്തിനിടയില്‍ വൈത്തിരി പഞ്ചായത്തിലെ ചാരിറ്റിയില്‍ 42 ഏക്കര്‍ സ്ഥലം ഗുര്‍മീത് സ്വന്തം പേരിലാക്കി. ആശ്രമം പണിയാനെന്ന വ്യാജേന ഇവിടെ മരങ്ങള്‍ വ്യാപകമായി വെട്ടിവീഴ്ത്തിയത് വാര്‍ത്തയായി. പാരിസ്ഥിതിക പ്രധാന്യമുള്ള സ്ഥലത്ത് മുന്‍കൂര്‍ അനുമതിയില്ലാതെ മരംമുറിച്ചതിന് വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ നിര്‍മ്മാണം നിലച്ചു. 2012ലായിരുന്നു വൈത്തിരിയിലെ 40 ഏക്കര്‍ എസ്റ്റേറ്റ് ദേര സച്ചാ വാങ്ങിയത്.

2015 ല്‍ ദേശീയ ഗെയിംസ് നടക്കുന്നതിനിടെ നീന്തല്‍ മല്‍സരം നടന്ന പിരപ്പന്‍കോട് വേദിയിലും റാം റഹിം എത്തിയിരുന്നു. ഹരിയാനയില്‍ നിന്നു വന്ന നീന്തല്‍ താരങ്ങളെ കാണാനാണു വന്നതെങ്കിലും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു തൊട്ടടുത്തു തന്നെ വേദിയില്‍ ഇദ്ദേഹത്തിനും സ്ഥാനം നല്‍കി. ഏതാനും മെഡലുകള്‍ സമ്മാനിച്ചതും റാം റഹിമായിരുന്നു. അന്നും ഇസഡ് പ്ലസ് കാറ്റഗറിയില്‍ ആയിരുന്നു വിവാദ സ്വാമിയുടെ കേരള സന്ദര്‍ശനം.