ഗുര്‍മീതിനെതിരായ വിധി: ബിജെപിക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

single-img
26 August 2017

തിരുവനന്തപുരം: ഗുര്‍മീത് സിംഗിനെതിരായ കോടതി വിധിയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആള്‍ ദൈവങ്ങളെ കൂട്ടുപിടിച്ച് അധികാരം വെട്ടിപ്പിടിച്ച ബി.ജെ.പിയുടെ വില കുറഞ്ഞ രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരമാണ് ഗുര്‍മീത് റാം റഹീമിനെതിരെയുള്ള കോടതി വിധിയെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ ചെന്നിത്തലയുടെ രൂക്ഷ വിമര്‍ശനം.

കഴിഞ്ഞ ദിവസം ഹരിയാനയിലെ പഞ്ച്കുലയില്‍ 32 ജീവന്‍ കൊഴിഞ്ഞു വീഴാന്‍ കാരണമായത് ആളും സമ്പത്തുമുള്ള ഗുര്‍മീതിന് ബിജെപി നല്‍കിയ വഴിവിട്ട സഹായമായിരുന്നു. ബിജെപി പാലൂട്ടി വളര്‍ത്തിയ സ്വാമിയുടെ അനുയായികള്‍ ഹരിയാനയിലെ തെരുവുകള്‍ കലാപഭൂമിയാക്കിയപ്പോള്‍ അതിന് മൗനാനുവാദം നല്‍കിയ ഹരിയാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും 32 പേരുടെ ജീവന് ഉത്തരം പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

2002 മുതല്‍ സ്ത്രീ പീഡന കേസുകളില്‍പെട്ട ആള്‍ ദൈവത്തിനെ ‘സ്വച്ഛ് ഭാരത് ‘ പദ്ധതിയുടെ പ്രചാരകനാക്കുകയും തന്റെ ട്വിറ്ററിലൂടെ പ്രകീര്‍ത്തിക്കുകയും ചെയ്ത പ്രധാനമന്ത്രിയുടെ നടപടി ഇന്ത്യന്‍ ജനാധിപത്യത്തിന് തീരാകളങ്കമാണ്. ഈ നടപടിയില്‍ ജനങ്ങളോട് മാപ്പ് പറയാന്‍ അദ്ദേഹം തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

2014 ലെ ലോകസഭാ തിരഞ്ഞെടുപ്പിലും ഹരിയാന, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തിയതിന്റെ ഉപകാര സ്മരണയായി കോടി കണക്കിന് രൂപയാണ് ഹരിയാന സര്‍ക്കാര്‍ സ്വാമിക്ക് നല്‍കിയിരുന്നത്. ആശാറാം ബാപ്പു ബലാത്സംഗ കേസില്‍ ജയിലില്‍ ആയപ്പോള്‍ സഹായവുമായി എത്തിയത് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യസ്വാമി ആയിരുന്നു. ഗുര്‍മീത് കുറ്റക്കാരനാണെന്ന കോടതി വിധി വന്നിട്ടും അദ്ദേഹത്തെ ന്യായീകരിക്കാനാണ് സാക്ഷി മഹാരാജ് അടക്കമുള്ള ബി ജെ പി നേതാക്കള്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.