മന്ത്രി ഇടപെട്ടു; ബിവറേജസ് ഓണം സ്‌പെഷ്യല്‍ ഡപ്യൂട്ടേഷന്‍ വേണ്ടെന്നുവച്ചു

single-img
26 August 2017

തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷനിലെ ഡപ്യൂട്ടേഷന്‍ നിയമനം വേണ്ടെന്നുവച്ചു. എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് നടപടി. ഉയര്‍ന്ന ബോണസ് ലക്ഷ്യമിട്ടായിരുന്നു ഡപ്യൂട്ടേഷന്‍ നിയമനം. മറ്റ് വകുപ്പുകളില്‍ നിന്ന് 185 സര്‍ക്കാര്‍ ജീവനക്കാരെ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബവ്‌കോ സര്‍ക്കാരിനെ സമീപിച്ചത്. ഇതോടെ സിഐടിയു ഒഴികെയുള്ള യൂണിയനുകള്‍ ഡപ്യൂട്ടേഷനെ എതിര്‍ത്ത് രംഗത്തെത്തുകയായിരുന്നു.

നിലവിലെ ഒഴിവുകളെല്ലാം തല്‍ക്കാലം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നികത്തും. 300 ഹെല്‍പര്‍മാര്‍ ഉള്‍പ്പെടെ മൊത്തം 456 പേരെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പൂട്ടിക്കിടക്കുന്ന 47 ഷോപ്പുകളിലെ ജീവനക്കാരെ പുനര്‍വിന്യസിക്കുക കൂടി ചെയ്യുന്നതോടെ ജീവനക്കാരുടെ കുറവു പരിഹരിക്കാനാകും. അറൂനൂറോളം ഒഴിവുകളുണ്ടെന്നാണു സൂചന. എന്നാല്‍ 149 ഒഴിവേ ഇതുവരെ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ഒഴിവുകള്‍ നികത്താനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

ഓണം അടുത്തിരിക്കെ ബോണസായി ലഭിക്കുന്ന വന്‍തുക ലക്ഷ്യമിട്ട് സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള ചിലരുടെ ശ്രമമാണ് ഡെപ്യൂട്ടേഷന് പിന്നിലെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. 85000 രൂപയാണ് ബിവറേജസ് കോര്‍പറേഷനിലെ ഈ വര്‍ഷത്തെ ബോണസ്.

ഓണത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ പരമാവധി സ്വന്തക്കാരെ തിരുകി കയറ്റുകയാണ് ഡെപ്യൂട്ടേഷനിലൂടെ ലക്ഷ്യമിട്ടിരുന്നത്. 150 പേരുടെ പട്ടികയാണ് അനുമതിയ്ക്കായി കോര്‍പറേഷന്‍ സര്‍ക്കാരിലേക്ക് അയച്ചിരുന്നത്. കെ.എസ്.ആര്‍.ടി.സി, കെല്‍ട്രോണ്‍,സി ആപ്റ്റ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ളവരാണ് എല്ലാം.