റാം റഹീം ഇനി സാധാരണ തടവുകാരന്‍, ഇസെഡ് പ്ലസ് സുരക്ഷ പിന്‍വലിച്ചു

single-img
26 August 2017

 

ചണ്ഡിഗഢ്: ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിനു ഏര്‍പ്പെടുത്തിയിരുന്ന ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഹരിയാന സര്‍ക്കാര്‍ പിന്‍വലിച്ചു. ബലാത്സംഗ കേസില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുരക്ഷ പിന്‍വലിക്കുന്നതെന്ന് ഹരിയാന ചീഫ് സെക്രട്ടറി ഡി.എസ് ദേശി പറഞ്ഞു.

കൂടാതെ റോഹ്തഗ് ജയിലില്‍ റാം റഹീമിന് ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക പരിഗണനയും ചികിത്സയും എടുത്ത് കളഞ്ഞിട്ടുണ്ട്. ഇനി ഒരു സാധാരണ തടവുകാരനായി മാത്രമെ റാം റഹീമിനെ പരിഗണിക്കൂ. ഇയാളെ അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഓട്ടോമാറ്റിക്കായി ഇല്ലാതാകുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

‘നിരവധി ആരാധകരുള്ള ഒരാളായതിനാല്‍ ജയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കുകമാത്രമാണ് ഉണ്ടായത്. മറ്റു തടവുകാരില്‍ നിന്ന് റാം റഹീമിന് അക്രമണമുണ്ടാകാതിരിക്കാന്‍ സുരക്ഷ ഉറപ്പുവരുത്തുക മാത്രമാണ് ചെയ്തത്. ശീതീകരിച്ച റൂമിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നതെന്നും പ്രത്യേക ഭക്ഷണമാണ് നല്‍കുന്നത് എന്നുമുള്ള വാര്‍ത്തകളില്‍ വാസ്തവമില്ലെന്നും ഹരിയാന ജയില്‍ ഡിജിപി കെ.പി സിങ് പറഞ്ഞു.

വെള്ളിയാഴ്ച ഹരിയാന പോലീസ് ഉദ്യോഗസ്ഥരുടെയും തന്റെ സ്വകാര്യ കമ്മാന്‍ഡോ സംഘത്തിന്റെയും അകമ്പടിയിലായിരുന്നു റാം റഹീം സിബിഐ കോടതിയിലെത്തിയിരുന്നത്. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്ത് റോഹ്തഗിലെ ജയിലിലേക്ക് ഹെലികോപ്ടറിലാണ് മാറ്റിയിത്.