സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സമയപരിധി നീട്ടാനാവില്ലെന്ന് സുപ്രീം കോടതി; ‘ഫീസില്‍’ ഇടക്കാല ഉത്തരവ് തിങ്കളാഴ്ച

single-img
25 August 2017

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശന ഫീസ് സംബന്ധിച്ച് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് തിങ്കളാഴ്ച. പ്രവേശന സമയത്ത് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കേണ്ട ഫീസിന്റെ കാര്യത്തിലും സര്‍ക്കാരുമായി കരാര്‍ ഒപ്പുവയ്ക്കാത്ത മറ്റു കോളേജുകളുടെ കാര്യത്തിലും തിങ്കളാഴ്ച സുപ്രീം കോടതി വിധി പ്രസ്താവിക്കും. അതേസമയം പ്രവേശനം പൂര്‍ത്തിയാക്കേണ്ട തീയതി നീട്ടിനല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ക്കെതിരെ മാനേജ്‌മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് തിങ്കളാഴ്ച ഇടക്കാല വിധി പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചത്. മെഡിക്കല്‍ ഫീസ് പര്യാപ്തമല്ലെന്നായിരുന്നു മാനേജ്‌മെന്റുകളുടെ വാദം.

വിദ്യാര്‍ത്ഥികളില്‍ നിന്നും അഞ്ച് ലക്ഷം ഫീസായി അടയ്ക്കാനും ആറ് ലക്ഷം ബാങ്ക് ഗ്യാരന്റിയോ ബോണ്ടോ ആയി നല്‍കാനുമായിരുന്നു സുപ്രീം കോടതിയും ഹൈക്കോടതിയും നേരത്തെ ഉത്തരവിട്ടത്. ഇതില്‍ ബോണ്ടാണോ ബാങ്ക് ഗ്യാരന്റിയാണോ വേണ്ടത് എന്ന കാര്യത്തില്‍ ഇടക്കാല ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കും.

സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത എല്ലാ കോളേജുകള്‍ക്കും താത്ക്കാലിക ഫീസ് ആയ 11 ലക്ഷം ഈടാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തിലും തീരുമാനം തിങ്കളാഴ്ചയുണ്ടാവും. മുഴുവന്‍ കോളേജുകള്‍ക്കും 11 ലക്ഷം ഫീസാക്കാമോ എന്നതിലും വ്യക്തമായ നിര്‍ദേശം ഉണ്ടാവും. രണ്ട് കോളേജുകള്‍ക്ക് 11 ലക്ഷം ഫീസ് അനുവദിച്ചതിനെതിരായ സര്‍ക്കാരിന്റെ പുനഃപരിശോധന ഹര്‍ജിയും തിങ്കളാഴ്ച പരിഗണിക്കും.

പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഹൈക്കോടതി നിശ്ചയിച്ച സമയപരിധി നീട്ടാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 31നകം പ്രവേശനം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. 24നും 26നുമായി കൗണ്‍സലിങ് നടത്തണം. 27ന് അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കണം. 29ന് പ്രവേശനത്തിനുള്ള പട്ടിക പ്രസിദ്ധീകരിച്ച് 31ന് ഉള്ളില്‍ മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശം.