സ്വകാര്യത മൗലികാവകാശമാക്കിയ വിധി ബീഫ് നിരോധനത്തെ ബാധിക്കുമെന്ന് സുപ്രീം കോടതി

single-img
25 August 2017

ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാക്കിയുള്ള വിധി ബീഫ് നിരോധനത്തിന് എതിരായ കേസിനെ ബാധിക്കാമെന്നു സുപ്രീം കോടതി. മഹാരാഷ്ട്രയിലെ ബീഫ് നിരോധന കേസില്‍ ബോംബെ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം.

ഭരണഘടനയുടെ 21ാം അനുഛേദ പ്രകാരം ജീവിക്കാനുള്ള മൗലികമായ അവകാശം ഇന്ത്യയിലെ ഓരോ പൗരനുമുണ്ട്. ഈ അവകാശത്തിന്റെ ഭാഗമാണ് സ്വകാര്യതയും എന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഭക്ഷണം തെരഞ്ഞെടുക്കാനുള്ള ഒരുവന്റെ അവകാശം സ്വകാര്യ അവകാശത്തില്‍ പെടുമെന്ന് ഒമ്പതംഗ ബെഞ്ചിലെ ജസ്റ്റീസ് ചെലമേശ്വര്‍, ജസ്റ്റീസ് ചന്ദ്രചൂഢ് എന്നിവര്‍ വ്യക്തമാക്കി.

സ്വകാര്യത ഒരു പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി അന്തിമ തീര്‍പ്പ് കല്‍പ്പിച്ചതോടെ അസാധുവാക്കപ്പെട്ടത് 1954 ലെ ആറംഗ ബെഞ്ചിന്റെയും 1962ലെ എട്ടംഗ ബെഞ്ചിന്റെയും സ്വകാര്യത മൗലികാവകാശമല്ലെന്ന വിധി പ്രഖ്യാപനമാണ്.

സ്വകാര്യത മൗലികാവകാശമാണെന്ന വിധിയോടു കൂടി മുന്‍ വിധികള്‍ അസാധുവാക്കപ്പെട്ടുവെന്ന് മാത്രമല്ല മുന്നോട്ടുള്ള നിരവധി കേസുകളില്‍ ഇത് നിര്‍ണ്ണായകമാവുകയും ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആധാറുള്‍പ്പെടെയുള്ള 24 കേസ്സുകളില്‍ ഈ വിധി വലിയ സ്വാധീനം ചെലുത്തും.