സൗദിയില്‍ ഏഴു മലയാളി നഴ്‌സുമാരെ ജയിലിലടച്ചു

single-img
25 August 2017

വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ഏഴ് മലയാളി നഴ്‌സുമാര്‍ ദമാമില്‍ പിടിയിലായി. ഇവരെ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലില്‍ അടച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദമാമിലെ നാല് പ്രമുഖ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന നഴ്‌സുമാരാണ് മന്ത്രാലയത്തിന്റെ സൂക്ഷ്മ പരിശോധനയില്‍ പിടിക്കപ്പെട്ടത്.

ഇവരില്‍ മൂന്ന് പേര്‍ കോട്ടയം ജില്ലയില്‍ നിന്നുള്ളവരും രണ്ട് പേര്‍ കൊല്ലം ജില്ലയില്‍ നിന്നുള്ളവരുമാണ്. ഇവരുടെ പേരു വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. 2005 ന് ശേഷം സൗദിയില്‍ വന്നവരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും ആരോഗ്യ മന്ത്രാലയം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. സൗദിയില്‍ നഴ്‌സുമാര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണമെന്ന് നിബന്ധന കര്‍ശനമാക്കിയതോടെയാണ് മലയാളികളുള്‍പ്പെടെ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ തുടങ്ങിയത്.

അതേസമയം നിയമം കര്‍ശനമാക്കിയതോടെ നിലവില്‍ ജോലി ചെയ്യുന്നവരും ആശങ്കയിലാണ്. പിടിക്കപ്പെട്ടാല്‍ ക്രിമിനല്‍ കുറ്റം ചുമത്തി വിചാരണ നേരിടേണ്ടി വരുമെന്നതിനാല്‍, നാട്ടിലേക്കുള്ള തിരിച്ചു പോക്കും പ്രയാസകരമാവും. വ്യാജ രേഖകള്‍ ഹാജരാക്കിയവര്‍ നാട്ടിലേക്ക് പോകാന്‍ റീ എന്‍ട്രി വിസക്ക് അപേക്ഷിച്ചിട്ട് ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പെരുന്നാളിന് ശേഷം കൂടുതല്‍ കര്‍ശന നടപടികളുണ്ടാകുമെന്നാണ് സൂചന. പുതുതായി ജോലിക്ക് വരുന്ന ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.