പീഡനക്കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരന്‍: ശിക്ഷ തിങ്കളാഴ്ച

single-img
25 August 2017

ചണ്ഡീഗഡ്: ബലാത്സംഗക്കേസില്‍ ‘ദേരാ സച്ചാ സൗദാ’ നേതാവ് ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനെന്ന് പഞ്ചകുള സിബിഐ കോടതിയുടെ വിധി. ശിക്ഷ 28 ന് പ്രഖ്യാപിക്കുമെന്ന് കോടതി വ്യക്തമാക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ശിക്ഷാ പ്രഖ്യാപനം തിങ്കളാഴ്ചയിലേക്ക് മാറ്റിയതെന്നാണ് സൂചന. അതുവരെ ഗുര്‍മീതിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവായി.

1999ല്‍ അനുയായിയായ സ്ത്രീയെ ഗുര്‍മീത് റാം റഹീം സിങ് ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് കോടതി വിധി. സംഭവം നടന്ന് 15 വര്‍ഷത്തിനു ശേഷമാണ് വിധി. നേരത്തെ പൊലീസിന്റെ വിലക്കുകളെ അവഗണിച്ച് 200 വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഗുര്‍മീത് കോടതിയിലെത്തിയത്. യാത്രക്കിടെ ഗുര്‍മീതിനെ കാണാന്‍ വഴിയരികില്‍ നില്‍ക്കുന്ന അനുയായികള്‍ കരയുകയും പിന്തുണ അറിയിച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.

പിന്നീട് പൊലീസിന്റെ നിരന്തരമായുള്ള ഇടപെടലിനെത്തുടര്‍ന്ന് 20 കാറുകള്‍ മാത്രമേ പഞ്ച്കുലയില്‍ എത്തിയുള്ളൂ. ഇതില്‍ രണ്ടു കാറുകള്‍ക്കു മാത്രമാണ് കോടതി വളപ്പിനുള്ളില്‍ കയറാന്‍ അനുവാദം ലഭിച്ചത്. പതിനായിരക്കണക്കിനു വരുന്ന അനുയായികളെ തടയാന്‍ പൊലീസ് അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.

സിബിഐ പ്രത്യേക കോടതിയുടെ ബെഞ്ച് സ്ഥിതി ചെയ്യുന്ന പഞ്ച്കുളയിലേക്ക് ഗുര്‍മീതിന്റെ അനുയായികളുടെ ഒഴുക്ക് തടയാനും നടപടി സ്വീകരിച്ചിരുന്നു. സംഘര്‍ഷമുണ്ടായാല്‍ ഗുര്‍മീതിന്റെ സൈന്യം പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചണ്ഡിഗഢിലേക്ക് വരുന്ന എല്ലാ പാസഞ്ചര്‍ ട്രെയിനുകളും വ്യാഴാഴ്ച മുതല്‍ നാലു ദിവസത്തേക്ക് റദ്ദാക്കിയിരുന്നു മൊത്തം 29 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

ചണ്ഡിഗഢിലേക്കും പഞ്ച്കുളയിലേക്കും ഹരിയാനയില്‍ നിന്ന് വരുന്ന ബസുകളും രണ്ട് ദിവസത്തേക്ക് നിരോധിച്ചു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢിലും 72 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. പൊലീസിന്റെ വലിയ സന്നാഹങ്ങള്‍ക്ക് പുറമെ 150 കമ്പനി സേനയെ കേന്ദ്രസര്‍ക്കാര്‍ അയച്ചിട്ടുണ്ട്.

ഫേസ്ബുക്ക് ട്വീറ്റര്‍ പ്രൊഫയിലുകളില്‍ ആത്മീയ നേതാവ്, ഗായകന്‍, സിനിമാ സംവിധായകന്‍, കലാസംവിധായകന്‍, സംഗീത സംവിധായകന്‍, എഴുത്തുകാരന്‍, തുടങ്ങി നിരവധി വിശേഷങ്ങളാണ് റാം റഹീം എഴുതിയിട്ടുള്ളത്.

ഒരേ സമയം ആള്‍ദൈവവും അനുയായികള്‍ക്കിടയില്‍ വലിയ സ്വാധീനവുമുള്ള ഈ ആത്മീയ നേതാവ് പതിനഞ്ച് വര്‍ഷം മുമ്പാണ് വനിതാ അനുയായി നല്‍കിയ പീഡനകേസിലൂടെ വാര്‍ത്തകളില്‍ ഇടം നേടുന്നത്. 1967 ഓഗസ്റ്റ് 15ന് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ ജനിച്ച രാംറഹീം സിഖ് മതത്തിലേതുള്‍പ്പെടെയുള്ള മതങ്ങളിലെ യാഥാസ്ഥിതികചിന്തയെ വിമര്‍ശിച്ചും കൂടുതല്‍ സ്വതന്ത്രമായ മതദര്‍ശനം മുന്നോട്ടുവച്ചുമാണ് ഇന്നു കാണുന്ന ലക്ഷക്കണക്കിന് അനുയായികളുടെ പിന്‍ബലം നേടിയെടുത്തത്. സിഖ് മതത്തോടുള്ള ഇദ്ദേഹത്തിന്റെ വിമര്‍ശനം 2010ല്‍ പഞ്ചാബില്‍ വന്‍ ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കിയിരുന്നു. അതേസമയം ഈ ആത്മീയ നേതാവിന്റെ കേരള സന്ദര്‍ശനവും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഗൂര്‍മീത് റാം തന്നെ ബലാത്സംഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി വനിതാ അനുയായി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കയച്ച കത്തിലൂടെയാണ് രാംറഹീമിന്റെ മറ്റൊരു മുഖം ലോകം അറിയുന്നത്. തന്നെ മാത്രമല്ല ഗുര്‍മീത് ആശ്രമത്തിലെ മറ്റ് വനിതാ അനുയായികളെയും ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് കത്തില്‍ ഇവര്‍ ചൂണ്ടിക്കാട്ടി. കത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതി സ്വയം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും, പിന്നീട് കേസ് സി.ബി.ഐക്ക് കൈമാറുകയും ചെയ്തു.

ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പതിനെട്ട് സന്യാസിമാരെ ചോദ്യം ചെയ്തുവെങ്കിലും സ്വാമി തങ്ങളെ ബലാത്സംഗം ചെയ്തതോടെ തങ്ങള്‍ ശുദ്ധരായെന്ന് രണ്ട് പേര്‍ സമ്മതിച്ചത് അന്വേഷണ ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തി. ആശ്രമത്തിലെ സ്വാമിയുടെ ചേംബറില്‍ താന്‍ കയറിയപ്പോള്‍ വാതില്‍ ഓട്ടോമാറ്റിക് ആയി അടയുകയും വലിയ സ്‌ക്രീനില്‍ അശ്ശീല വീഡിയോ കാണിച്ച സ്വാമി തന്നെ പീഡിപ്പിച്ചുവെന്നും ഒരു വനിതാ സന്യാസിനി സി.ബി.ഐക്ക് മൊഴി നല്‍കി.

2008ല്‍ ആണ് ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെയുള്ള വിചാരണ ആരംഭിക്കുന്നത്. ഇയാള്‍ക്കെതിരെ ബലാത്സംഗകുറ്റം ചുമത്തി കേസ് എടുക്കുകയായിരുന്നു. ബലാത്സംഗക്കേസിന് പുറമെ 2002ല്‍ മറ്റ് രണ്ട് കൊലപാതക കുറ്റത്തിനും കൂടിയാണ് ഗുര്‍മീത് വിചാരണ നേരിടുന്നത്.

കൂടെയുള്ള അനുയായിയായ രഞ്ജിത്ത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലും, മാധ്യമപ്രവര്‍ത്തകനായ രാം ചന്ദ്രശേഖര്‍ ചത്രപതി കൊല്ലപ്പെട്ട കേസിലുമായിരുന്നു വിചാരണ. സന്യാസിനി നല്‍കിയ കത്ത് പ്രചരിപ്പിച്ചതിനാണ് അനുയായിയായിരുന്ന രഞ്ജിത്ത് സിങ്ങിനെ കൊലപ്പെടുത്തിയത്. അതുപോലെ തന്നെ ഗുര്‍മീതിന്റെ തെറ്റായ പ്രവണതകള്‍ പുറത്ത് കൊണ്ടുവന്നതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകനെയും കൊലപ്പെടുത്തുകയായിരുന്നു.

2014ല്‍ 400 ഓളം വരുന്ന അനുയായികളെ നിര്‍ബന്ധിത വ്യഷണച്ഛേദത്തിന് വിധേയമാക്കിയെന്ന കേസിലും കുറ്റാരോപിതാനാണ്. വിശ്വാസികളില്‍ ഒരാള്‍ ദൈവവുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ നിര്‍ബന്ധിത വൃഷണച്ഛേദത്തിന് റാം റഹീം വിധേയനാക്കിയെന്ന പരാതിയുമായി അനുയായികളില്‍ ഒരാള്‍ തന്നെയാണ് രംഗത്തെത്തിയത്. ആയുധകടത്തുമായി ബന്ധപ്പെട്ടും റാം റഹീമിനെതിരെ ആരോപണ ഉയര്‍ന്നിരുന്നു.

2007ല്‍ സിക്ക് സംഘടനകള്‍ രാം രഹീമിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. രാം രഹീമിന്റെ വിവാദ ചിത്രമായ മെസഞ്ചര്‍ ഓഫ് ഗോഡില്‍ സിഖ് വംശജരെ മോശമായി ചിത്രീകരിച്ചു എന്നായിരുന്നു അരോപണം. രാ സച്ചാ സൗധ മഠാധിപതി ഗുര്‍മീത് റാം റഹീം സിങ് ദൈവമായി അവതരിപ്പിക്കപ്പെടുന്ന വിവാദ ചിത്രം മെസഞ്ചര്‍ ഓഫ് ഗോഡിന് പ്രദര്‍ശനാനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷയായിരുന്ന ലീലാ സാംസണ്‍ രാജിവെച്ചത്.