ആര്‍എസ്എസ് നേതാവിനെ ‘പൊളിച്ചടുക്കി’ രാഹുല്‍ ഈശ്വര്‍: ‘ഹിന്ദുവിന്റെ ശവശരീരത്തില്‍ ചവിട്ടി മാത്രമേ ആരെങ്കിലും പള്ളി പൊളിക്കൂ’

single-img
25 August 2017

തിരുവനന്തപുരം: അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമായിരുന്നെന്നും ഹിന്ദുക്കള്‍ അത് വീണ്ടെടുക്കണമെന്നും വര്‍ഗ്ഗീയ പ്രസ്താവന നടത്തിയ ആര്‍എസ്എസ് നേതാവ് ടി.ജി മോഹന്‍ദാസിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഈശ്വര്‍. ഇവിടുത്തെ അവസാന ഹിന്ദുവിന്റെയും ശവത്തില്‍ ചവിട്ടി മാത്രമേ നമ്മുടെ നാട്ടില്‍ ആരെങ്കിലും പള്ളി പൊളിക്കുകയുള്ളുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം

നന്മയുള്ള, മത സൗഹാര്‍ദം ഉള്ള, ഭാരതീയത ഉള്ള അവസാന ഹിന്ദുവിന്റെ ശവശരീരത്തില്‍ ചവുട്ടി മാത്രമേ നമ്മുടെ നാട്ടില്‍ ആരെങ്കിലും പള്ളി പൊളിക്കൂ..’ എന്നായിരുന്നു രാഹുല്‍ പ്രതികരിച്ചത്. നട്ടെല്ലുള്ള ആരെങ്കിലും വാവര്‍ പള്ളിയിലോ അര്‍ത്തുങ്കല്‍ പള്ളിയിലോ പ്രശ്‌നമുണ്ടാക്കി നോക്കട്ടെ അപ്പോ കാണാം നന്മയുള്ള ഹിന്ദുക്കളുടെ പ്രതികരണമെന്നും രാഹുല്‍ പറയുന്നു.

ശബരിമല അടക്കമുള്ള ക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നതുപോലെ വാവരുടെ മുസ്ലീം പള്ളിയും അര്‍ത്തുങ്കല്‍ വെളുത്തയുടെ ക്രിസ്ത്യന്‍ പള്ളിയും ഹിന്ദുക്കള്‍ സംരക്ഷിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വര്‍ നേരത്തെയും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ടി.ജി മോഹന്‍ദാസിന്റെ വാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും തികച്ചും അന്ധമായ പ്രചരണങ്ങളാണ് അദ്ദേഹം നടത്തുന്നതെന്നും രാഹുല്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഹിന്ദു പ്രസ്ഥാനങ്ങളിലെ 99 ശതമാനം വ്യക്തികളും ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ ഉന്നയിക്കില്ലെന്നും, ഇത്തരം വാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

ഇത്തരക്കാര്‍ മനഃപൂര്‍വ്വം ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും തമ്മില്‍ സംഘര്‍ഷത്തിലാക്കി ഹിന്ദു ഐക്യം ഉണ്ടാക്കാനുള്ള ശ്രമമാണെന്നും മതസൗഹാര്‍ദത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണിതെന്നും രാഹുല്‍ ആരോപിക്കുകയുണ്ടായി.

ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കലിലെ ക്രൈസ്തവ ദേവാലയവുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണവുമായി കഴിഞ്ഞ ദിവസമായിരുന്നു ആര്‍എസ്എസ് നേതാവ് ടി.ജി മോഹന്‍ദാസ് രംഗത്തെത്തിയത്. അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമാണെന്നും ഇത് വീണ്ടെടുക്കുകയെന്ന ജോലിയാണ് ഹിന്ദുക്കള്‍ ഇനി ചെയ്യേണ്ടതെന്നുമായിരുന്നു മോഹന്‍ദാസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്.