പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം

single-img
25 August 2017

മനസ്സിലും മുറ്റത്തും വര്‍ണം വിരിയിച്ച് ഇന്ന് അത്തം. പൂവിളിയും പൂപാട്ടുകളുമായി മലയാളിക്ക് ഇനി ഓണനാളുകള്‍. വരുന്ന പത്തുദിവസം മലയാളിയുടെ മുറ്റത്ത് പൂക്കളത്തിന്റെ നിറച്ചാർത്തുണരും.

അത്തം പിറന്നതോടെ പൂക്കളമൊരുക്കല്‍ മത്സരങ്ങളുടേയും നാളുകളാണ് വരുന്നത്. സ്കൂളുകളിലും കോളേജുകളിലും മാത്രമ്ലല, വിവിധ ഓഫീസുകളിലും പൂക്കളമൊരുക്കല്‍ മത്സരങ്ങള്‍ നടക്കും. വിവിധ ക്ളബുകളും യുവജനസംഘടനകളും ഓണാഘോഷ തയ്യാറെടുപ്പ് തുടങ്ങുന്നതും അത്തം നാളിലാണ്.

അതേസമയം ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തംഘോഷയാത്ര ഇന്ന് നടക്കും. രാജഭരണകാലത്ത് കൊച്ചി രാജാവ് പ്രജകളെ നേരില്‍ കാണുന്നതിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് അത്തം ദിനത്തിലെ ഈ മഹോത്സവം.

വിളവെടുപ്പ് ഉത്സവത്തിന്റെ മുന്നോടിയായി മഹാരാജാവ് തൃക്കാക്കര വാമന മൂര്‍ത്തിയെ ദര്‍ശിക്കാന്‍ പോകുന്ന ചടങ്ങായിരുന്നു ഘോഷയാത്ര. പരിവാരസമേതം പല്ലക്കില്‍പോകുന്ന രാജാവിനെ ഒരു നോക്കു കാണാന്‍ ഹില്‍പാലസ് കൊട്ടാരം മുതല്‍ തൃക്കാക്കര വരെയുള്ള പാതയോരങ്ങളില്‍ ജനങ്ങള്‍ കാത്തുനില്‍ക്കുമായിരുന്നു. അതിന്റെ ഓര്‍മ്മയാണ് ഇന്നും നടക്കുന്ന തൃപ്പൂണിത്തുറ അത്താഘോഷം.