മഞ്ജു വാര്യര്‍ ദിലീപിന്റെ വീട്ടിലെത്തി?

single-img
25 August 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതു മുതല്‍ നടന്‍ ദിലീപിന്റെ ഭാര്യ കാവ്യയെയും മകള്‍ മീനാക്ഷിയെയും മുന്‍ ഭാര്യ മഞ്ജുവിനെയുമൊക്കെ ബന്ധപ്പെടുത്തി നിരവധി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അറസ്റ്റിന് പിന്നാലെ മകള്‍ മീനാക്ഷിയെ സ്‌കൂള്‍ ഹോസ്റ്റലിലേക്ക് മാറ്റിയെന്നും അതല്ല മീനാക്ഷിയെ ബന്ധുവിനൊപ്പം ദുബായിലേക്ക് മാറ്റിയെന്നുമൊക്കെയുള്ള തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍ ദിലീപിന്റെ തറവാട്ടില്‍ തന്നെയുള്ള മീനാക്ഷിയെ കാണാന്‍ മഞ്ജു വാര്യര്‍ എത്തിയെന്നാണ് പുതിയ വിവരം. ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ വേണ്ടിയാണു മഞ്ജു മീനാക്ഷിയെ കാണാന്‍ ദിലീപിന്റെ കുടുംബ വീട്ടില്‍ എത്തിയത് എന്നു ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

എന്നാല്‍ മഞ്ജുവിനോട് സംസാരിക്കാന്‍ മീനാക്ഷി തയാറായില്ല. അതേസമയം, കാവ്യ മഞ്ജുവിനോട് കാര്യമായ എതിര്‍പ്പ് കാണിച്ചില്ലെന്നും സ്‌നേഹത്തോടെയാണ് സംസാരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദിലീപിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത് മഞ്ജുവാര്യരാണെന്നും ദിലീപിനെ കുടുക്കുന്നതില്‍ മഞ്ജുവിനു പങ്കുണ്ടെന്നും സോഷ്യല്‍മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. ഇക്കാര്യം സംബന്ധിച്ച് മീനാക്ഷിയ്ക്കുണ്ടായ തെറ്റിദ്ധാരണകള്‍ മാറ്റാനാണ് മഞ്ജു തറവാട്ടില്‍ എത്തിയതെന്നാണ് വിവരം.

അതേസമയം ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് മഞ്ജുവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.