കുവൈത്തില്‍ വിദേശികളുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഫീസില്‍ ഉടന്‍ വര്‍ദ്ധനവുണ്ടാകില്ല

single-img
25 August 2017

കുവൈത്ത് സിറ്റി: രാജ്യത്തെ വിദേശികളുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഫീസില്‍ ഉടന്‍ വര്‍ദ്ധനയുണ്ടാകില്ലെന്നു കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇന്‍ഷുറന്‍സ് ഫീസ് അടുത്ത അഞ്ചു വര്‍ഷത്തേക്ക് വര്‍ധിപ്പിക്കില്ലെന്നും ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അഹ്മദ് അല്‍ ശത്തി വ്യക്തമാക്കുകയുണ്ടായി. അടുത്തമാസം മുതല്‍ ചികിത്സാ നിരക്കു വര്‍ദ്ധിക്കുന്നതു മൂലം വിദേശികള്‍ക്കുണ്ടായേക്കാവുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

സൗജന്യവും ചെലവ് വളരെ കുറഞ്ഞതുമായ ചികിത്സാ സേവനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുന്നതിന്റെ ഭാഗമായാണ് അടുത്തമാസം മുതല്‍ ചികിത്സാനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായത്. 1993 മുതല്‍ മാറ്റമില്ലാതെ തുടരുന്ന ചികിത്സാ നിരക്കുകളാണ് ഇത്തരത്തില്‍ പരിഷ്‌കരിച്ചതെന്നും ഡോ. അഹ്മദ് അല്‍ ശത്തി വ്യക്തമാക്കി.

ധനമന്ത്രാലയം ശുപാര്‍ശ ചെയ്ത നിരക്കിലും കുറവാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്ന ചികിത്സാ ഫീസ്. പ്രതിരോധ കുത്തിവെപ്പുകള്‍ പോലുള്ള അടിസ്ഥാന സേവനങ്ങള്‍ക്കുള്ള ഫീസിലെ വര്‍ധന നാമ മാത്രമാണ്. മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം നിരവധി വിഭാഗങ്ങള്‍ക്ക് ഫീസ് വര്‍ധനയില്‍ ഇളവും നല്‍കിയിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സ്ഥിരമായി താമസിക്കുന്നവരെയും സന്ദര്‍ശനത്തിന് വരുന്നവരെയും രണ്ടായി തരംതിരിച്ചാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. സന്ദര്‍ശക വിസയിലെത്തുന്നവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയത്തിലെ ടെക്‌നിക്കല്‍ കമ്മിറ്റി വിശദമായ കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് സന്ദര്‍ശകര്‍ക്കുള്ള ചികിത്സാ സേവനങ്ങളുടെ ചെലവ് സ്വകാര്യ മേഖലയുടേതിന് സമാനമായി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തത്.

ലോകത്തെല്ലായിടത്തും ചികിത്സാ സേവന ചെലവ് വര്‍ധിക്കുകയാണെന്നും അടിയന്തര ചികിത്സ ആവശ്യമായ കേസുകളില്‍ പണമില്ലാത്തതിനാല്‍ ചികിത്സ നിഷേധിക്കുന്ന സാഹചര്യം കുവൈത്തില്‍ ഉണ്ടാകില്ലെന്നും ഡോ. അഹ്മദ് അല്‍ ശത്തി കൂട്ടിച്ചേര്‍ത്തു.