ഹരിയാനയിലും പഞ്ചാബിലും കലാപം: നിരവധിയാളുകള്‍ കൊല്ലപ്പെട്ടു

single-img
25 August 2017

ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെതിരായ കോടതി വിധിക്ക് പിന്നാലെ പഞ്ചാബിലും ഹരിയാനയിലും വ്യാപക അക്രമ സംഭവങ്ങള്‍. പാഞ്ച്ഗുലയിലെ സി.ബിഐ കോടതിക്ക് സമീപത്ത് ഉണ്ടായ സംഘര്‍ഷങ്ങളില്‍ നിരവധി ദേര സച്ചാ സൗധ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

ടെലിവിഷന്‍ ചാനലുകളുടെ മൂന്ന് ഒ.ബി വാനുകള്‍ പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി. പഞ്ചാബിലെ ഒരു റെയില്‍വെ സ്റ്റേഷനും പെട്രോള്‍ പമ്പും തീവച്ച് നശിപ്പിച്ചു. പഞ്ച്കുളയില്‍ അക്രമികള്‍ക്കുനേരെ പോലീസിന് ലാത്തിചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തേണ്ടിവന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവച്ചുവെന്നും എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

 

അതേസമയം, കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പഞ്ചാബിലെ അഞ്ച് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സമീപ സംസ്ഥാനങ്ങളായ രാജസ്ഥാനിലും ഡല്‍ഹിയിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമാധാനം പുലര്‍ത്തണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ജനങ്ങളോട് അഭ്യര്‍ഥിച്ചു.

ബലാത്സംഗക്കേസില്‍ ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനെന്ന് പഞ്ചകുള സിബിഐ കോടതി വിധിച്ചിരുന്നു. ശിക്ഷ 28 ന് പ്രഖ്യാപിക്കുമെന്ന് കോടതി വ്യക്തമാക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ശിക്ഷാ പ്രഖ്യാപനം തിങ്കളാഴ്ചയിലേക്ക് മാറ്റിയതെന്നാണ് സൂചന. അതുവരെ ഗുര്‍മീതിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവായി.

1999ല്‍ അനുയായിയായ സ്ത്രീയെ ഗുര്‍മീത് റാം റഹീം സിങ് ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് കോടതി വിധി. സംഭവം നടന്ന് 15 വര്‍ഷത്തിനു ശേഷമാണ് വിധി. നേരത്തെ പൊലീസിന്റെ വിലക്കുകളെ അവഗണിച്ച് 200 വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഗുര്‍മീത് കോടതിയിലെത്തിയത്. യാത്രക്കിടെ ഗുര്‍മീതിനെ കാണാന്‍ വഴിയരികില്‍ നില്‍ക്കുന്ന അനുയായികള്‍ കരയുകയും പിന്തുണ അറിയിച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.

പിന്നീട് പൊലീസിന്റെ നിരന്തരമായുള്ള ഇടപെടലിനെത്തുടര്‍ന്ന് 20 കാറുകള്‍ മാത്രമേ പഞ്ച്കുലയില്‍ എത്തിയുള്ളൂ. ഇതില്‍ രണ്ടു കാറുകള്‍ക്കു മാത്രമാണ് കോടതി വളപ്പിനുള്ളില്‍ കയറാന്‍ അനുവാദം ലഭിച്ചത്.