ഗുരുവായൂരിലെ ലോഡ്ജ്മുറിയില്‍ കൂട്ട ആത്മഹത്യാ ശ്രമം; കുട്ടി മരിച്ചു

single-img
25 August 2017

തൃശൂര്‍: ഗുരുവായൂരിലെ ലോഡ്ജ്മുറിയില്‍ കൂട്ട ആത്മഹത്യയ്ക്കു ശ്രമിച്ച നാലംഗ കുടുംബത്തിലെ കുട്ടി മരിച്ചു. പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജില്‍ മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം മാതാപിതാക്കളും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

പായസത്തില്‍ എലിവിഷം കലര്‍ത്തിയാണ് കഴിച്ചത്. വിഷം അകത്തു ചെന്ന് കുട്ടികള്‍ അവശനിലയിലായതോടെ ഇവര്‍ ദേവസ്വം ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. ഭക്ഷ്യവിഷബാധയാണെന്നാണ് ആശുപത്രിയില്‍ പറഞ്ഞത്. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ഇന്നുപുലര്‍ച്ചെ മകന്‍ ആകാശ് (മൂന്ന്) മരിച്ചു.

ബുധനാഴ്ച രാത്രിയാണ് മലപ്പുറം ചേറങ്കോട് കാറുമല വീട്ടില്‍ സുനില്‍(36), ഭാര്യ സുജാത, മക്കളായ ആകാശ്, അമല്‍ (ആറ്) എന്നിവരടങ്ങുന്ന കുടുംബം ലോഡ്ജില്‍ മുറിയെടുത്തത്. റബര്‍ ടാപ്പിംഗ് തൊഴിലാളിയായ സുനില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് പറയുന്നു. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷമാണ് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.