ആദ്യരാത്രി വധു പറഞ്ഞു; എനിക്ക് കാമുകന്റെ കൂടെ പോകണം: പിന്നെ കേസും കൂട്ടവുമായി ആകെ പൊല്ലാപ്പ്: കാമുകനെ ‘തപ്പിയെടുത്തപ്പോള്‍’ പ്രായപൂര്‍ത്തിയാകാത്തയാള്‍

single-img
25 August 2017

പ്രതീകാത്മക ചിത്രം.

തിരുവനന്തപുരം: കാമുകന്റെ കൂടെ പോവുന്നതിനായി വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ വധു ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം പറണ്ടോട് സ്വദേശിനിയായ യുവതിയാണ് വിവാഹപ്പിറ്റേന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് വരനെയും വീട്ടുകാരെയും വെട്ടിലാക്കിയത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആര്യനാട് പറണ്ടോട് സ്വദേശിയായ യുവതിയും അരുവിക്കര സ്വദേശിയായ പ്രവാസി യുവാവും തമ്മിലുള്ള വിവാഹം നടന്നത്. ആര്യനാട് ആതിര ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു നിരവധി പേര്‍ പങ്കെടുത്ത ആഢംബര വിവാഹം. വിവാഹം കഴിഞ്ഞ് വരനും വധുവും ആചാര പ്രകാരം വധുവിന്റെ വീട്ടിലാണ് ആദ്യ ദിവസം താമസിച്ചത്. ഇവിടെ വെച്ചായിരുന്നു സംഭവങ്ങളുടെ തുടക്കം.

ആദ്യ രാത്രിയില്‍ തന്നെ തന്റെ പ്രണയത്തെക്കുറിച്ചും കാമുകനെ കുറിച്ചും യുവതി ഭര്‍ത്താവിനോട് വെളിപ്പെടുത്തിയിരുന്നു. കാമുകനോടൊപ്പം പോകാനാണ് തനിക്ക് താത്പര്യമെന്നും യുവതി പറഞ്ഞു. പിറ്റേദിവസം ഭര്‍ത്താവിന്റെ ബന്ധുക്കളെത്തി നവദമ്പതികളെ അരുവിക്കരയിലെ ഭര്‍തൃവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

ഭര്‍ത്തൃ വീട്ടിലെത്തിയ യുവതി താന്‍ കാമുകനോടൊപ്പം മാത്രമേ ജീവിക്കൂവെന്നും, അയാളോടൊപ്പം പോകണമെന്നും വാശിപ്പിടിച്ചു. തുടര്‍ന്നായിരുന്നു യുവതിയുടെ ആത്മഹത്യാശ്രമം. ബ്ലേഡ് ഉപയോഗിച്ച് ഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യാ ശ്രമം. ഇതോടെ ഭയന്ന ഭര്‍ത്തൃ വീട്ടുകാര്‍ യുവതിയുടെ വീട്ടിലും അരുവിക്കര പൊലീസ് സ്റ്റേഷനിലും വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ വച്ച് യുവതിയുടെ ബന്ധുക്കള്‍ യുവാവിന് നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചതോടെ ഒരു വശത്തെ പ്രശ്‌നം അവസാനിച്ചു. തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചുവെന്ന് കാണിച്ച് കാമുകനെതിരെ യുവതി നല്‍കിയ പരാതി അരുവിക്കര പൊലീസ് ആര്യനാട് പൊലീസിന് കൈമാറുകയായിരുന്നു.

പോലീസ് വിളിപ്പിച്ചത് പ്രകാരം ചൊവ്വാഴ്ച സ്റ്റേഷനിലെത്തിയ കാമുകന്റെ ബന്ധുക്കള്‍ യുവതിയുമായുള്ള വിവാഹത്തിന് താത്പര്യമില്ലെന്ന് അറിയിച്ചതോടെ രംഗം വഷളായി. ഒടുവില്‍ കാമുകനെതിരെയുള്ള ചില തെളിവുകള്‍ യുവതി പൊലീസിന് കൈമാറി.

തുടര്‍ന്നാണ് കാമുകന്‍ യുവതിയെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചത്. എന്നാല്‍ കാമുകന് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പ്രായപൂര്‍ത്തിയായതിനു ശേഷം വിവാഹം കഴിക്കാമെന്ന ധാരണയില്‍ ആര്യനാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ പ്രശ്‌നത്തിന് താത്കാലിക പരിഹാരം കണ്ടു.