ഡെൽഹിയും കത്തുന്നു; കലാപത്തിൽ മരണം 28 ആയി: തീവണ്ടിക്കും ബസിനും തീവച്ചു

single-img
25 August 2017

വിവാദ ആൾദൈവവും ദേരാ സച്ച സൗദ നേതാവുമായ ഗുർമീത് റാം റഹീം സിങ് മാനഭംഗക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതിവിധിക്കു പിന്നാലെ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കലാപം ഡൽഹിയിലേക്കും വ്യാപിച്ചു. ദില്ലിയിലെ അനന്തവിഹാര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ അക്രമികള്‍ തീയിട്ടു. ദില്ലിയിലും രണ്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

കോടതിവിധി റാം റഹീമിനെതിരായാൽ കലാപ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് സ്വീകരിച്ച സകല ജാഗ്രതാ നടപടികളും നിലനിൽക്കെയാണ് കലാപം തലസ്ഥാന നഗരിയിലേക്കും വ്യാപിച്ചിരിക്കുന്നത്.ദില്ലിയിലെ വിവിധ ഭാഗങ്ങളില്‍ ബസുകള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും നേരെ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദില്ലിയിലെ പ്രധാനപ്പെട്ട ഏഴ് കേന്ദ്രങ്ങളിലായാണ് അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതീവ സുരക്ഷാ മേഖലകളില്‍ കനത്ത സൈനിക കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്രമങ്ങള്‍ ശക്തമായി അടിച്ചമര്‍ത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അക്രമത്തിൽ 28 പേർ കൊല്ലപ്പെട്ടു. 200 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മാദ്ധ്യമ പ്രവർത്തകരുടെ വാഹനങ്ങളും ഉപകരണങ്ങളും തകർത്ത ഗുർമീതിന്റെ അനുയായികൾ റെയിൽവേ സ്‌റ്റേഷനുകളും പൊലീസ് സ്‌റ്റേഷനുകളും പെട്രോൾ പമ്പുകളും ആക്രമിച്ചു. ആക്രമണത്തിൽ നിരവധി മാദ്ധ്യമ പ്രവർത്തകർക്കും പരിക്കേറ്റു. അക്രമാസക്‌തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

അതിനിടെ, കനത്ത സുരക്ഷാ സന്നാഹത്തോടെ ഗുർമീത് റാം റഹീമിനെ റോഹ്തക് ജയിലിലേക്കു മാറ്റി. അക്രമം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചതിനെ തുടർന്ന് വ്യോമമാർഗമാണ് ഇയാളെ ജയിലിലെത്തിച്ചത്. കോടിക്കണക്കിന് രൂപയുടെ സ്വത്തുകൾ നശിപ്പിച്ച് ഗുർമീത് ഭക്തർ അഴിഞ്ഞാട്ടം തുടരുന്ന സാഹചര്യത്തിൽ, നഷ്ടപരിഹാരമായി ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി നിർദ്ദേശം നൽകി.

15 വര്‍ഷം മുമ്പ് നടന്ന ബലാത്സംഗ കേസില്‍ ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് സി.ബി.ഐ. പ്രത്യേക കോടതി കണ്ടെത്തിയതോടെയാണ് അക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്.അനുയായികളായ രണ്ട് സ്ത്രീകളെ പീഡിപ്പിച്ചുവെന്നായിരുന്നുകേസ്. കേസില്‍ തിങ്കളാഴ്ച ശിക്ഷ വിധിക്കും.