ഓണത്തിന്റെ വരവറിയിച്ച് തൃപ്പുണിത്തുറ അത്തച്ചമയം

single-img
25 August 2017


തൃപ്പൂണിത്തുറ: ഓണാഘോഷത്തിന് വിളംബര ഭേരിമുഴക്കി തൃപ്പൂണിത്തുറയില്‍ ചരിത്രപ്രസിദ്ധമായ അത്തച്ചമയം പൂത്തുലഞ്ഞു. പാരമ്പര്യം ചോരാതെ കണ്ണും കാതും കുളിര്‍പ്പിച്ച നിറകാഴ്ചയില്‍ പങ്കാളികളാകാനത്തെിയ ആയിരങ്ങള്‍ മലയാളികളുടെ ആഘോഷത്തിന്‍െറ ഔദ്യോഗിക തുടക്കത്തിന് സാക്ഷികളായി. അത്തച്ചമയത്തില്‍ പങ്കുചേരാന്‍ പുലര്‍ച്ചെമുതല്‍ രാജനഗരിയിലേക്ക് ജനപ്രവാഹമായിരുന്നു.

രാവിലെ ഒന്‍പതുമണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അത്താഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.രാജഭരണ കാലത്ത് കൊച്ചി രാജാവിന്റെ കൊട്ടാരമായിരുന്ന ഹില്‍ പാലസ് അങ്കണത്തില്‍ നിന്നും അത്ത പതാക ഏറ്റുവാങ്ങി. അവിടെ നിന്നും ആഘോഷ പൂര്‍വം അത്തം നഗറായ തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനിയിലേക്ക് എത്തിച്ച് പതാക ഉയര്‍ത്തി. പുലര്‍ച്ചെ അത്തം ഉണര്‍ത്തലിന് ശേഷമാണ് ഘോഷയാത്ര നടന്നത്.

രാജഭരണകാലത്ത് ചിങ്ങമാസത്തിലെ അത്തംനാളിൽ രാജാക്കന്മാർ ഘോഷയാത്രയുടെ അകമ്പടിയോടെ നടത്തിയിരുന്ന എഴുന്നള്ളത്തായിരുന്നു അത്തച്ചമയം.1949ൽ തിരുവിതാംകൂർ-കൊച്ചി സംയോജനത്തോടെ മഹാരാജാവു പങ്കെടുത്തുകൊണ്ടുള്ള രാജകീയമായ അത്തച്ചമയം നിർത്തലാക്കി. ഇത്‌ പിന്നീട്‌ 1961-ൽ കേരളാ ഗവൺമെന്റ്‌ ഓണം സംസ്ഥാനോത്സവമാക്കിയതോടെ ജനകീയ പങ്കാളിത്തമുള്ള ബഹുജനാഘോഷമായി രൂപാന്തരപ്പെട്ടു.