എന്തിനായിരിക്കും അർത്തുങ്കൽ പള്ളി തന്നെ തർക്കവിഷയമാക്കുന്നത്?

single-img
25 August 2017

കേരളത്തിൽ പോർച്ചുഗീസുകാരുടെ മതപരിവർത്തനത്തിന് ഏറ്റവുമധികം എതിർപ്പ് നേരിട്ട സ്ഥലങ്ങളാണ് പതിനാറാം നൂറ്റാണ്ടിലെ പുറക്കാട്, മൂത്തേടത്ത്, ഇളയിടത്ത് നാട്ടു രാജ്യങ്ങൾ.

അന്ന് ആലപ്പുഴ പട്ടണമില്ല. കൊച്ചിക്കും കൊല്ലത്തിനുമിടയ്ക്കുള്ള പ്രധാന സ്ഥലങ്ങൾ അർത്തുങ്കലും പുറക്കാടുമാണ്. മൂത്തേടത്ത് രാജ്യത്തിൻറെ കേന്ദ്രമായിരുന്ന അർത്തുങ്കലിൻറെ അന്നത്തെ പേര് മൂത്തേടത്തുങ്കൽ എന്നായിരുന്നു. പിന്നീടത് എടത്തുങ്കൽ എന്നും വീണ്ടും അരത്തുങ്കൽ എന്നും ലോപിച്ചു. ഒടുവിൽ ഇന്നുപയോഗിക്കുന്ന അർത്തുങ്കൽ എന്നായി മാറി.

പോർച്ചുഗീസ് മതംമാറ്റങ്ങളുടെ ആദ്യഘട്ടം നടന്ന 1530 മുതൽ 1552 വരെയുള്ള കാലത്ത് മൂത്തേടത്ത് മതപരിവർത്തനം നടന്നില്ല. കൊച്ചിയിൽ വന്ന ഫ്രാൻസിസ് സേവിയർ കൊച്ചിയിലും കൊല്ലം മുതൽ വിഴിഞ്ഞം വരെയും വിഴിഞ്ഞം മുതൽ കിഴക്കൻ തീരത്തും പതിനായിരങ്ങളെ മതം മാറ്റി. പന്ത്രണ്ടു തവണ അദ്ദേഹം കൊച്ചിയിൽ നിന്നു കൊല്ലത്തേക്കും തിരിച്ചും കടൽമാർഗം പോയെങ്കിലും ഒരിക്കൽ പോലും പുറക്കാടോ മൂത്തേടത്തോ ഇറങ്ങാൻ പോലും ആയില്ല. വേണാട്ടിലെയും കൊച്ചിയിലെയും മതം മാറ്റം അതാതിടങ്ങളിലെ നാട്ടുരാജാക്കളുടെ സഹായത്തോടെ ആയിരുന്നു. മൂത്തേടത്ത് കൈമളും പുറക്കാട് രാജാവും ശക്തരായ കടൽ കൊള്ളക്കാരായിരുന്നു എന്നാണ് പോർച്ചുഗീസ് വീക്ഷണം. ഫ്രാൻസിസ് സേവിയർ വരുന്നതിന് രണ്ടു വർഷം മുമ്പ് 1540ൽ പോർച്ചുഗീസ് കപ്പൽ ആക്രമിച്ച് കൊള്ളയടിച്ച മൂത്തേടത്ത് കൈമൾക്കെതിരെ പറങ്കി പ്രത്യാക്രമണം ഉണ്ടാവുകയും അന്നത്തെ കൈമളെ കൊല്ലുകയും ചെയ്തു. മൂത്തേടത്ത് അന്ന് പതിനായിരം തെങ്ങുകളാണത്രെ പറങ്കികൾ വെട്ടി നശിപ്പിച്ചത്! പറങ്കികളും മൂത്തേടത്തുമായുള്ള ബന്ധം വളരെക്കാലം മോശമായിത്തന്നെ തുടർന്നു.

ഫ്രാൻസിസ് സേവിയറിൻറെ കാലശേഷം ഈശോസഭക്കാരാണ് അർത്തുങ്കലും പുറക്കാടും മതപരിവർത്തനം നടത്തുന്നത്. ഈശോസഭക്കാരനായിരുന്ന ഫാദർ മാനുവൽ ടെക്സീറയുടെ (Manual Teixiera) 12 വർഷത്തെ നിരന്തര ശ്രമത്തിനൊടുവിൽ 1581 നവംബറിലാണ് മൂത്തേടത്ത് തടികൊണ്ടുള്ള ഒരു പള്ളി പണിയാൻ കൈമൾ അനുവാദം നല്കുന്നത്. അവിടത്തെ അമ്പലക്കാവിൽ നിന്ന് ഇതിനായി തടി മുറിച്ചുകൊള്ളാൻ അനുവാദവും നല്കി. നാട്ടുകാരെല്ലാം ചേർന്ന്, ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒക്കെ ചേർന്ന്, ഏതാനും ദിവസം കൊണ്ട് പള്ളി പണിയുകയും ചെയ്തു. കൈമൾ പള്ളി കാണാൻ വരികയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. അന്നു മുതൽ തന്നെ അർത്തുങ്കൽ പള്ളിയിൽ ഹിന്ദുക്കളും മറ്റും പങ്കാളികളായിരുന്നു. അർത്തുങ്കൽ പള്ളി പെരുന്നാളിന് ഹിന്ദുക്കളും പോകുന്നു. 1583ലെ പെരുന്നാളിന് മൂത്തേടത്ത് കൈമൾ പള്ളി സന്ദർശിക്കുന്നതിൻറെ രേഖകളുണ്ട്. തെക്കു വടക്കായി ഉണ്ടാക്കിയ ഈ തടിപ്പള്ളി മാറ്റി 1584ലും 1640ലും പുതുക്കിപ്പണിതു.

 

ഒരു അമ്പലം നശിപ്പിച്ച് സ്ഥാപിച്ചതാവാൻ ഒരു സാധ്യതയുമില്ലാത്ത പള്ളിയാണ് അർത്തുങ്കലേത്. അത്ര ശക്തമായിരുന്നു മൂത്തേടത്ത് കൈമളുടെ വാഴ്ച.

 

എന്നാലും എന്തുകൊണ്ടാവും അർത്തുങ്കൽ പള്ളിയെക്കുറിച്ച് തന്നെ ഇങ്ങനെ ഒരു കഥ ഉണ്ടാക്കുന്നത്? കേരളത്തിലെ മറ്റു പല പള്ളികളും തങ്ങളുടെ സവർണ ഹൈന്ദവ പാരമ്പര്യത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നവയാണ്. പലതിൻറെയും ശില്പരീതിയിലൊക്കെ നാട്ടു വാസ്തുവിദ്യാ സ്വാധീനവും ഉണ്ട്. കലാപമുണ്ടാക്കണമെങ്കിൽ അതിലൊന്ന് അമ്പലം പൊളിച്ചുണ്ടാക്കിയതാണെന്ന് പറഞ്ഞാൽ പോരേ?

 

അർത്തുങ്കലിൽ തന്നെ നോട്ടമിടുന്നതിന് ഒരു കാരണമേ ഉള്ളൂ. 1581 മുതൽ ഇന്നു വരെ ഹിന്ദുക്കളും ക്രിസ്ത്യാനികളും സാഹോദര്യത്തോടെ കാണുന്ന ഒരു പള്ളിയാണിത്. ഈ സാഹോദര്യം പൊളിക്കുക മാത്രമാണ് ലക്ഷ്യം.

 

റൂബിൻ ഡിക്രൂസ് ഫേസ്ബുക്കിൽ എഴുതിയത്