“നേതാവ്.. നല്ല നേതാവ്..”: ലാത്തിച്ചാര്‍ജ്ജിനിടെ അടികൊള്ളാതെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ‘അതിവിദഗ്ദ്ധ മുങ്ങല്‍’

single-img
24 August 2017

കൊച്ചി: ആരോഗ്യ മന്ത്രി കെ.കെ ശൈലജ രാജി വെക്കണമെന്നാവശ്യപ്പെട്ട് കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ അരങ്ങേറിയ സംഭവങ്ങള്‍ കോമഡി സിനിമകളെ വെല്ലുന്നതായിരുന്നു. രാവിലെ 11.30 നായിരുന്നു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നത്.

ബാരിക്കേഡും ലാത്തിയുമായി പോലീസും കാമറകളുമായി മാധ്യമങ്ങളും തയ്യാറായി കാത്തുനിന്നു. ദേശീയ സെക്രട്ടറി ജെബി മേത്തറുടെ നേതൃത്വത്തില്‍ 40 പേരടങ്ങുന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് കടന്നു വന്നു. പതിവ് പോലെയുള്ള കൊടി വീശല്‍, ബാരിക്കേഡ് പിടിച്ച് കുലുക്കല്‍ കലാപരിപാടികള്‍ക്ക് ശേഷം ദേശീയനേതാവിനെ പ്രസംഗിക്കാന്‍ ക്ഷണിക്കുന്നു.

ദേശീയനേതാവിന്റെ നിലയ്ക്കും വിലയ്ക്കും ഒത്തവണ്ണം ചോര തിളയ്ക്കുന്ന പ്രസംഗം. പിണറായി പോലീസ് അടിച്ചമര്‍ത്താന്‍ നോക്കുന്തോറും ആഞ്ഞടിക്കാന്‍ പോകുന്ന പോരാട്ടവീര്യത്തെ കുറിച്ചും മന്ത്രി രാജി വെച്ചില്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്ന സമര വേലിയേറ്റങ്ങളെക്കുറിച്ചുമെല്ലാം ദേശീയ നേതാവ് കത്തിക്കയറി. പ്രസംഗം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഉദ്ഘാടകന്‍ ഡൊമിനിക് പ്രസന്റേഷന്‍ എം.എല്‍.എ സ്ഥലത്തെത്തി. ഉദ്ഘാടനം കഴിഞ്ഞു.

ചടങ്ങുകള്‍ അടുത്ത ഘട്ടത്തിലേക്ക് കടന്നു. ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോകാനുള്ള ശ്രമം സംഘര്‍ഷത്തില്‍ കലാശിക്കുന്നു. ധീരസമരനേതാക്കള്‍ പോലീസിന്റെ ലാത്തിക്ക് മുന്നില്‍ ഉശിരോടെ പൊരുതുന്നു. വാര്‍ത്തയില്‍ ഇടം പിടിക്കാനും പടം വരാനുമായിരുന്നു ഈ പെടാപ്പാടെല്ലാം പെട്ടതെങ്കിലും ഇത്രയൊന്നും കഷ്ടപ്പെടാതെ ദേശീയനേതാവ് വാര്‍ത്ത സൃഷ്ടിച്ചു. ഐതിഹാസികമായ മാര്‍ച്ച് ചരിത്രത്തില്‍ ഇടം പിടിച്ചു.

സംഘര്‍ഷം പൊടിപൊടിക്കേ ദേശീയ നേതാവിനെ തെരഞ്ഞ ക്യാമറ കണ്ണുകളിലൂടെയാണ് ഈ രക്തരഹിത വിപ്ലവം നേതാവ് സാധ്യമാക്കിയത്. അണികള്‍ അടിയുടെ ഇടിയുടെ നടുവില്‍ അടിപതറാതെ പൊരുതുമ്പോള്‍ അടുത്തുള്ള കോര്‍ട്ട് കോംപ്ലെക്‌സ് കെട്ടിടത്തില്‍ തന്റെ അച്ഛന്റെ സുഹൃത്തായ എം.എല്‍.എയ്‌ക്കൊപ്പം സമരത്തിന്റെ മേല്‍നോട്ടം വഹിക്കുകയായിരുന്നു ദേശീയനേതാവ്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു എന്നും ചിലര്‍ പറയുന്നുണ്ട്.

എല്ലാവരെയും അറസ്റ്റ് ചെയ്ത് നീക്കി രംഗം ശാന്തവും സുന്ദരവുമായതോടെ എം.എല്‍.എയും ദേശീയനേതാവും കോര്‍ട്ട് കോംപ്ലെക്‌സില്‍ നിന്ന് പുറത്ത് വന്ന് ഒരിക്കല്‍ കൂടി അഭിവാദ്യമര്‍പ്പിച്ച് സ്ഥലം വിട്ടു. എന്തായാലും ഉന്തും തള്ളുമൊന്നും ഉണ്ടാക്കാതെ സിമ്പിളായി ചാനലില്‍ നിറഞ്ഞ ദേശീയനേതാവാണ് സോഷ്യല്‍മീഡിയയുടെ ഇന്നത്തെ താരം.